ചങ്ങനാശേരി: ചങ്ങനാശേരിയിലും സമീപങ്ങളിലും മോഷണം തുടരുന്നു.മോഷ്ടാക്കളുടെ പുറകേ ഓടി പോലീസ് വലയുന്നു. അടുത്തിടെ ഉണ്ടായ ഒരു മോഷണക്കേസിലേയും പ്രതികളെ പിടികൂടാനാകാതെയാണ് പോലീസ് അങ്കലാപ്പിലായിരിക്കുന്നത്. ആധുനിക രീതിയിൽ പോലീസിന്റെ അന്വേഷണ സംവിധാനങ്ങൾ വർധിച്ചിട്ടും മോഷ്ടാക്കളുടെ നൂതന തന്ത്രങ്ങളെ വെല്ലാനായിട്ടില്ലെന്നാണ് വിമർശനം ഉയർന്നിരിക്കുന്നത്. മോഷണം പെരുകുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കകയാണ്.
കഴിഞ്ഞ ദിവസം വടക്കേക്കര ഇല്ലത്തുപടിക്കു സമീപം താമസിക്കുന്ന വാഴപ്പള്ളി പടിഞ്ഞാറ് വില്ലേജ് അസിസ്റ്റന്റ് കൈനിക്കര വീട്ടിൽ ഖദീജ ബീവിയുടെ വീട്ടിൽ നിന്നും 40 പവൻ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. വീടിന്റെ പ്രധാന വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്നാണ് മോഷ്ടാവ് സ്റ്റീൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് കവർച്ച ചെയ്തത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അലമാരയിലുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റും പുറത്ത് നിരത്തിയും മോഷ്ടാവ് പരതൽ നടത്തിയിട്ടുണ്ട്.
ഭർത്താവ് അഷറഫ് വിദേശത്ത് ജോലിയിലായതിനാൽ ഖദീജയും മകളും മാത്രമാണ് വീട്ടിൽ താമസം. സമീപ വീട്ടിൽ താമസിക്കുന്ന വയോധികയും കിടപ്പ് രോഗിയുമായ മാതാവിനോടൊപ്പമാണ് ഖദീജയും മകളും രാത്രികാലങ്ങളിൽ താമസിക്കുന്നത്. പതിവുപോലെ ശനിയാഴ്ച വൈകുന്നേരം ഇവർ ഈ വീട്ടിലേക്ക് പോയ നേരത്താണ് വീടിന്റെ വാതിൽ തകർത്ത് മോഷണം നടന്നത്.
കഴിഞ്ഞ സെപ്റ്റംബർ 17ന് രാത്രിയിൽ കുറുന്പനാടത്ത് വീട് കുത്തിപ്പൊളിച്ച് 19 പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത സംഭവത്തിന്റെ അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. ആൻഡമാൻ-നിക്കോബർ ദ്വീപിൽ സഹകരണ വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന കുറുന്പനാടം കൊച്ചുപുത്തൻപറന്പിൽ കെ.സി.അലക്സാണ്ടറുടെ വീട്ടിലാണ് അന്ന് മോഷണം നടന്നത്.
അലക്സാണ്ടറും ഭാര്യ റിട്ടയേർഡ് അധ്യാപിക ത്രേസ്യാമ്മയും വൈകുന്നേരം ആറരയോടെ സമീപത്തുള്ള വീട്ടിൽ പോയ തക്കംനോക്കിയായിരുന്നു ഇവിടത്തെ മോഷണം. എട്ടരയോടെ തിരികെയെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. വീടിന്റെ പിൻഭാഗത്തുള്ള സ്റ്റോർ റൂമിൽ നിന്നും എടുത്ത തൂന്പാ ഉപയോഗിച്ച് അടുക്കളയുടെ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കടന്നത്.
അടുക്കളയിൽ സൂക്ഷിച്ചിരുന്ന വെട്ടുകത്തി ഉപയോഗിച്ച് സിറ്റൗട്ടിനു സമീപത്തെ മുറിയിലെ തടിയലമാര പൊളിച്ച് അതിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഇത്തിത്താനം പൻപുഴ പൊക്കം ഭാഗത്ത് വാടക വീട്ടിൽ നിന്നും 45 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയ സംഭവത്തിലും പോലീസ് അന്വേഷണത്തിൽ വിവരമൊന്നും ലഭിച്ചില്ല.
വീട്ടിലുള്ളവർ വൈകുന്നേരം എടത്വാ പള്ളിയിൽ തിരുനാളിനു പോയ നേരത്താണ് മോഷണം നടന്നത്. വീടിന്റെ ഗ്രൗണ്ട് ഫ്ളോറിലെ പ്രധാന വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാവ് ഒന്നാംനിലയിലെ അലമാര കുത്തിത്തുറന്നാണ് സ്വർണം കവർച്ച ചെയ്തത്. ഇവർ രാത്രി പത്തരയോടെ എത്തിയപ്പോൾ മോഷണം നടന്നിരുന്നു.