കൊച്ചി: പോക്കറ്റില്‍നിന്ന് പണമെടുത്തത് തിരികെ ചോദിച്ച മധ്യവയസ്കനെ പെട്രോളൊഴിച്ച് കത്തിച്ചയാൾ പിടിയില്‍. പള്ളുരുത്തി ചെറിയപറമ്പില്‍ വീട്ടിൽ എസ്. ആന്റണി (ആന്റപ്പന്-51) യെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.
ഗുരുതരമായി പൊള്ളലേറ്റ പിറവം കാരിക്കോട് അഞ്ചു സെന്റ് കോളനിയില്‍ നെല്ലിക്കുഴി വീട്ടില്‍ ജോസഫി(56)നെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ശരീരത്തില്‍ 40 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെ 12.50ന് കടവന്ത്ര എസ്എ റോഡില്‍ ജിസിഡിഎ ജംഗ്ഷന് സമീപത്തുള്ള മെട്രോ പില്ലര്‍ 780 നും 781 നും മധ്യ ഭാഗത്തുള്ള മീഡിയനിലായിരുന്നു സംഭവം. ഇവിടെ ഉറങ്ങിക്കിടന്ന ജോസഫിന്റെ ദേഹത്താണ് കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് ആന്റണി തീയിട്ടത്.
ഒരു മാസം മുമ്പ് ജോസഫിന്റെ പോക്കറ്റില്‍നിന്ന് ആന്റപ്പന് 750 രൂപ എടുത്തിരുന്നു. ജോസഫ് ഇത് പലവട്ടം തിരികെ ആവശ്യപ്പെട്ടു. ഇതിന്റെ വൈരാഗ്യമാണു കൃത്യത്തിനു പ്രേരിപ്പിച്ചതെന്നു പോലീസ് പറഞ്ഞു.
തലയുടെ പിന്‍ഭാഗം മുതല്‍ താഴോട്ടും കൈകളിലും നെഞ്ചത്തും വയറിലും പൊള്ളലേറ്റിട്ടുണ്ട്. കടവന്ത്ര ഭാഗത്തെ ലോഡ്ജിലാണ് ആന്റപ്പന് താമസിക്കുന്നത്. അവിടെ കുപ്പിയില്‍ വാങ്ങി സൂക്ഷിച്ച പെട്രോള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇരുവരും സുഹൃത്തുക്കളായിരുന്നു. ഒരുമിച്ച് നഗരത്തില്‍ വിവിധ ജോലികള്‍ ചെയ്തിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ആന്റപ്പനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

