തൊടുപുഴ: മഴക്കാലത്ത് ഇരുട്ടിന്റെ മറപറ്റിയെത്തുന്ന കള്ളന്മാര് ഇത്തവണയും ജില്ലയില്‍ വിഹരിച്ചു തുടങ്ങി. കാലവര്‍ഷക്കെടുതികളും പകര്‍ച്ചവ്യാധികളും തലവേദന സൃഷ്ടിക്കുന്ന സമയത്താണ് മറ്റൊരു ഭീഷണിയായി കവര്‍ച്ചക്കാരും രംഗത്തെത്തുന്നത്. നാട്ടിലും മറുനാട്ടിലുമുള്ള തസ്കര സംഘങ്ങള്‍ പലപ്പോഴും മോഷണത്തിനു തെരഞ്ഞെടുക്കുന്നതും മഴക്കാലമാണ്.
തകര്‍ത്തു പെയ്യുന്ന മഴയില്‍ സര്‍വതും മറന്ന് ആളുകള്‍ മൂടിപ്പുതച്ചുറങ്ങുമ്പോള്‍ കവര്‍ച്ചക്കാര്‍ വീടുകള്‍ ലക്ഷ്യം വച്ചെത്തും. റോഡുകള്‍ നേരത്തേ വിജനമാകുന്നതും വീട്ടുകാര്‍ നേരത്തേ ഉറങ്ങുന്നതുമെല്ലാം ഇവര്‍ക്ക് തുണയാകുകയാണ്.കാലവര്‍ഷം ആരംഭിച്ചപ്പോള്‍തന്നെ റിപ്പോര്‍ട്ട് ചെയ്യുന്ന കവര്‍ച്ചക്കേസുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജില്ലയില്‍ മാത്രം ചെറുതും വലുതുമായ ഒരു ഡസനോളം മോഷണക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അടിമാലിയില്‍ കാന്‍സര്‍ബാധിതയായ വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയതാണ് ഏറെ വാര്‍ത്താപ്രധാന്യം നേടിയത്. എന്നാല്‍ ഒരാഴ്ച പിന്നിടുമ്പോഴും പ്രതിയെക്കുറിച്ച് സൂചനകളില്ലാതെ അന്വേഷണസംഘം വലയുകയാണ്. ഇതിനു പുറമേ ബുധനാഴ്ചയും മേഖലയില്‍ മോഷണക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പിന്നാലെ കട്ടപ്പനയിലും ഒട്ടേറെ വീടുകളില്‍ മോഷണവും മോഷണശ്രമവും ഉണ്ടായി.
കഴിഞ്ഞ ദിവസം വണ്ണപ്പുറത്ത് വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്ന മോഷ്ടാവിനെയും പിടികൂടിയിട്ടില്ല. മുട്ടുകണ്ടം സ്വദേശിനി ചങ്ങഴിമറ്റത്തില് സല്‍മയുടെ മാലയാണ് മോഷ്ടിച്ചത്. ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മോഷ്ടാവിനെക്കുറിച്ച് തുമ്പൊന്നും ലഭിച്ചില്ല.
ഏതാനും ദിവസം മുമ്പ് തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തില്‍ മോഷണം നടന്നിരുന്നു. ഈ കേസിലും അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറയുമ്പോഴും മോഷ്ടാവ് കാണാമറയത്താണ്.തമിഴ്നാട് സ്വദേശിയായ മോഷ്ടാവിനെ കഴിഞ്ഞ ദിവസം പെരുവന്താനം പോലീസ് പിടികൂടിയിരുന്നു. മുപ്പത്തഞ്ചാംമൈല്‍ ബോയ്സ് എസ്റ്റേറ്റിലെ ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസിലാണ് നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ തമിഴ്നാട്ടില്‍നിന്നു പിടിയിലായത്.
വാഹന മോഷണവും
ചെറുതും വലുതുമായ വാഹനമോഷ്ടാക്കളും രംഗത്തെത്തുന്നത് ഇക്കാലയളവിലാണ്. ശക്തമായ മഴയില്‍ വീട്ടുമുറ്റത്തും പോര്‍ച്ചിലും പാര്‍ക്കു ചെയ്തിരിക്കുന്ന വാഹനങ്ങള്‍ കൊണ്ടുപോയാല്‍ വീട്ടുകാരറിയില്ല. ഷീറ്റ് മേഞ്ഞ വീടുകളാണെങ്കില്‍ അതിന് മുകളിലേക്ക് വെള്ളം വീഴുന്ന ശബ്ദം കൂടിയാകുമ്പോള്‍ പുറമേ എന്തു നടന്നാലും വീട്ടിനകത്തുള്ളവര്‍ അറിയില്ല.
ഈ അവസരമാണ് വീടുകളിലെ പൂട്ടുപൊളിക്കാനും വാതിലുകളും ജനലുകളും തകര്‍ക്കാനും മോഷണസംഘങ്ങള്‍ ഉപയോഗിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നെടുങ്കണ്ടത്തുനിന്ന് വാഹനം മോഷ്ടിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടൊപ്പം വീട്ടുമുറ്റത്തിരിക്കുന്ന ഇരുചക്രവാഹനങ്ങള്‍, വിലകൂടിയ സൈക്കിളുകള്‍ തുടങ്ങി ആക്രി സാമഗ്രികള്‍ അടക്കമുള്ളവയെല്ലാം ഇത്തരം സംഘങ്ങള്‍ ലക്ഷ്യമിടുന്നുണ്ട്.
തിരുട്ടു സംഘങ്ങള്‍ വരെ
മോഷണം ലക്ഷ്യമിട്ടെത്തുന്ന ചെറുകിട മോഷ്ടാക്കള്‍ മുതല്‍ പ്രഫഷണല്‍ സംഘങ്ങള്‍ വരെ മഴക്കാലം മുതലെടുത്ത് കവര്ച്ചയ്ക്കെത്തുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. തമിഴ്നാടിനോട് ചേര്‍ന്നുകിടക്കുന്നതിനാല്‍ അവിടെനിന്നുള്ള തിരുട്ടു സംഘങ്ങള്‍ക്ക് ഇവിടെ കൃത്യം നടത്തി മടങ്ങാന്‍ എളുപ്പമാണ്.
അതിനാല്‍ തിരുട്ട് ഗ്രാമത്തില്‍നിന്നുള്ള മോഷ്ടാക്കളടക്കം എത്തിയേക്കാമെന്ന മുന്നറിയിപ്പാണ് പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. കുഗ്രാമങ്ങളില്‍ ചെന്ന് പ്രതികളെ പിടികൂടാന്‍ കേരളത്തിലെ അന്വേഷണ സംഘങ്ങള്‍ക്കുള്ള പരിമിതികളാണ് ഇവര്‍ മുതലാക്കുന്നത്. മോഷണമടക്കമുള്ള കുറ്റകൃത്യങ്ങളില്‍ സ്ഥിരം ഏര്‍പ്പെടുന്നവര്‍ നിരീക്ഷണത്തിലായതിനാല്‍ ഇവരും പുതുവഴികളാണു തേടുന്നത്.
മുന്‍കരുതലുകള്‍ സ്വീകരിക്കണം
വീടുകളുടെ മുന്നിലെയും പിന്നിലെയും വാതിലുകള്‍ ഭദ്രമാക്കുക. ജനല്പാളികള് അടച്ചിടുക. അപരിചിതര്‍ കോളിംഗ് ബെല്ലടിച്ചാല്‍ ജനലിലൂടെ മാത്രം സംസാരിക്കുക. പകല്സമയങ്ങളിലെത്തുന്ന അപരിചിതരെ ശ്രദ്ധിക്കുക. വീടിനു പുറത്ത് ആയുധങ്ങള്‍ സൂക്ഷിക്കരുത്. അസമയത്ത് വീടിന് പുറത്ത് ആളനക്കമോ മറ്റോ കണ്ടാല്‍ പോലീസിനേയോ അയല്‍വാസികളെയോ വിവരമറിയിക്കുക.
വീട്ടില്‍ ആളില്ലാത്ത ദിവസങ്ങളില്‍ പകല്‍ ലൈറ്റ് കത്തിച്ചിടരുത്. പത്രവും പാലും പുറത്തു വയ്ക്കരുത്. മോഷണം നടന്നാല്‍ പോലീസ് വരുന്നതിനുമുമ്പ് കവര്‍ച്ച നടന്ന മുറി, വാതില്‍ അടക്കമുള്ള സാമഗ്രികളില്‍ തൊടരുത്. അതു തെളിവ് നഷ്ടപ്പെടാനിടയാക്കും. സിസിടിവി കാമറകള്‍ രാത്രി റിക്കാര്‍ഡ് മോഡിലിടണം. കാമറ ഓഫല്ലെന്ന് ഉറപ്പാക്കണം. പോലീസ് സഹായം ആവശ്യമെങ്കില്‍ 112ല്‍ വിളിക്കണം.