ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. ഡാമിലേക്കുള്ള വെള്ളത്തിന്റെ നീരൊഴുക്ക് വർധിച്ചതിനെത്തുടർന്ന് ജലനിരപ്പ് 139 അടി കവിഞ്ഞു. നിലവിൽ 13 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടുണ്ട്.
സെക്കൻഡിൽ 9403 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ സ്പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടി വരുമെന്നാണ് തമിഴ്നാട് വാട്ടർ അഥോറിറ്റി വ്യക്തമാക്കുന്നത്. ഒരു മീറ്ററിൽ നിന്ന് 1.5 മീറ്ററായി ഷട്ടറുകൾ ഉയർത്തേണ്ടി വരും.
സെക്കൻഡിൽ 10178 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി വിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു. ഡാമിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്ന ജനവാസ മേഖലകളിൽ ആശങ്ക ഉയർന്നിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളം ഉയർന്നു തുടങ്ങിയിട്ടുണ്ട്. സ്പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നതോടെ സമീപപ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയും ഉണ്ട്.