മറയൂർ: മൂന്നാറിനെയും പരിസര പ്രദേശങ്ങളെയും കൂടുതൽ സുന്ദരിയാക്കി സ്പാത്തോഡിയ മരങ്ങളുടെ ഒാപ്പറേഷൻ സിന്ദൂർ. പച്ചപ്പട്ടു പുതച്ച തേയിലത്തോട്ടങ്ങൾക്കിടയിൽ സിന്ദൂരം തൂവി നിൽക്കുന്ന സ്പാത്തോഡിയ മരങ്ങൾ വിസ്മയ കാഴ്ചയാണ് ഒരുക്കുന്നത്.
മൂന്നാർ-ഉദുമൽപ്പെട്ട് അന്തർസംസ്ഥാന പാതയോരത്തു വാഗുവരൈ എസ്റ്റേറ്റ് മുതൽ ചട്ടമൂന്നാർ വരെയുള്ള പ്രദേശങ്ങളിലാണ് “മലേറിയ മരം” എന്നറിയപ്പെടുന്ന ആഫ്രിക്കൻ ടുലിപ് മരങ്ങൾ വർണാഭമായി പൂത്തുനിൽക്കുന്നത്.
കൊതുകിനെ കൊല്ലി
ബ്രിട്ടീഷ് കാലത്തു മലേറിയ പനിയെ ചെറുക്കാൻ വേണ്ടി നട്ടുപിടിപ്പിച്ചതാണ് ഈ മരങ്ങളെന്നാണ് വിശ്വാസം. കൊതുകുകളെ ആകർഷിച്ചു നശിപ്പിക്കാനുള്ള അപൂർവ കഴിവാണ് സ്പാത്തോഡിയയുടെ പൂക്കളുടെ പ്രത്യേകത.
പൂവിന്റെ കുന്പിളാകൃതിയിലുള്ള മൊട്ടുകൾ വെള്ളം നിറഞ്ഞവയാണ്, ഈച്ചകളെ കൊല്ലുന്ന സ്വാഭാവിക പ്രതിരോധശേഷിയും ഇവയ്ക്കുണ്ട്. പൂക്കൾ വിരിയുന്നതോടെ പരിസരത്തെ കൊതുകുശല്യവും കുറയുന്നു. ഇതു പ്രദേശവാസികൾക്കും സഞ്ചാരികൾക്കും അനുഗ്രഹമാണ്.
ആഫ്രിക്കൻ ടുലിപ്
ബിഗ്നോണിയേസി കുടുംബത്തിൽപ്പെട്ട സ്പാത്തോഡിയ കാന്പനുലാറ്റ “ആഫ്രിക്കൻ ടുലിപ്പ്’ അല്ലെങ്കിൽ ’കൃതജ്ഞതയുടെ ജ്വാല’ എന്നാണ് അറിയപ്പെടുന്നത്. ഏഴു മുതൽ 25 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ വൃക്ഷം ആഫ്രിക്കയിലെ ഉഷ്ണമേഖലാ വനങ്ങളിൽനിന്നുള്ളതാണ്.
ചുവപ്പ്-ഓറഞ്ച് നിറത്തിലുള്ള മണിയാകൃതിയിലുള്ള പൂക്കൾ ഈ മരത്തെ അലങ്കാര വൃക്ഷമായി ലോകമെന്പാടും പ്രശസ്തമാക്കുന്നു.
എന്നാൽ, ഈ മരം ലോകത്തെ ഏറ്റവും ആക്രമണകാരികളായ 100 ഇനങ്ങളിൽ ഒന്നായും നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്, കാരണം ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഇത് അധിനിവേശ സസ്യമായി മാറാറുണ്ട്. ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിൽ 2002ലെ ലാൻഡ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ഇത് ക്ലാസ് 3 കീട ഇനമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.