കോട്ടയം: നാഗമ്പടം റെയില്‍വേ മേല്‍പ്പാലത്തിന്റെ ഇരുവശങ്ങളിലും പ്രവേശന പാതകള്‍ പ്രധാന പാലവുമായി ചേരുന്ന ഭാഗം താഴ്ന്നതോടെ അപകടസാധ്യതയേറി. റോഡ് പാലവുമായി ചേരുന്ന ഭാഗം അല്പം താഴ്ന്നാണ് സ്ഥിതി ചെയ്യുന്നത്. ഇവ തമ്മില്‍ ചേരുന്നിടത്തും വലിയ വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്.
മേല്‍പ്പാലത്തിന്റെ നിര്‍മാണം നടന്ന ഘട്ടത്തില്‍ത്തന്നെ മേല്പാലവും പ്രവേശനപാതയും തമ്മില്‍ ഉയരത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടായിരുന്നു. ഇതു ശാസ്ത്രീയമായി പരിഹരിക്കാതെയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പിന്നീട് കുറച്ചുകഴിഞ്ഞപ്പോള്‍ പാലവും റോഡും ചേരുന്നിടത്ത് വിള്ളലുകള്‍ രൂപപ്പെട്ടപ്പോള്‍ ടാറിംഗ് നടത്തി ബന്ധിപ്പിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും റോഡും പാലവും ചേരുന്നിടം താഴ്ന്ന് വിള്ളലുകള്‍ രൂപപ്പെട്ടിരിക്കുകയാണ്.
ഇരുചക്രവാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ അപകടസാധ്യതയേറെയാണ്. ദിവസവും ആയിരക്കണക്കിനു വാഹനങ്ങളാണ് പാലത്തിലൂടെ കടന്നുപോകുന്നത്. വാഹനങ്ങള്‍ കടന്നുപോകുമ്പോഴുണ്ടാകുന്ന പ്രകമ്പനമാണ് കോണ്‍ക്രീറ്റ് സ്ലാബുകള്‍ തമ്മില്‍ അകലാന്‍ കാരണമെന്നു പറയുന്നു.
മേല്‍പാലത്തിന്റെ ചുമതല റെയില്‍വേക്കും അപ്രോച്ച് റോഡിന്റേത് പൊതുമരാമത്ത് നിരത്തുവിഭാഗത്തിനുമാണ്. റെയില്‍വേയും പൊതുമരാമത്തും സംയുക്തമായി പാലം സന്ദര്‍ശിക്കുകയും റോഡും പാലവും ചേരുന്ന ഭാഗത്തെ വിടവ് കോണ്‍ക്രീറ്റും ടാറിംഗും നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.