തലശേരി: ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോൻ പുറൽകണ്ടി വിജിത്ത് (25), കുറുന്തോടത്ത് ഷിനോജ് (32) എന്നിവരെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയ കേസിൽ തലശേരി അഡീഷണൽ സെഷൻസ് ഫാസ്റ്റ് ട്രാക്ക്-3 ജഡ്ജ് റൂബി കെ. ജോസ് നാളെ വിധി പറയും.
വിധി പറയുമ്പോൾ കോടതിക്കുള്ളിൽ മുദ്രാവാക്യം വിളി വേണ്ടെന്ന് കോടതി വാക്കാൽ ഉത്തരവിട്ടു. ഇന്നലെ കേസ് പരിഗണിക്കുന്നതിനിടയിലാണ് മുൻകാല അനുഭവങ്ങൾ ചൂണ്ടിക്കാട്ടി കോടതി ഇക്കാര്യം പറഞ്ഞത്. വിധിയുമായി ബന്ധപ്പെട്ട് കോടതിയിൽ പോലീസ് കനത്ത സുരക്ഷ ഒരുക്കും.
കേസിലെ ഒന്നുമുതൽ ആറുവരെ പ്രതികളും 10 മുതൽ 14 വരെയുള്ള പ്രതികളുമാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതായി പ്രോസിക്യൂഷൻ വാദിച്ചിട്ടുള്ളത്. ഇവരിൽ 10, 12 പ്രതികൾ മരണപ്പെട്ടു. ഏഴ്, എട്ട് പ്രതികൾ സംഭവത്തിനു ശേഷം പ്രതികളെ രക്ഷപെടാൻ സഹായിച്ചുവെന്നും ഒന്പത്, 15, 16 പ്രതികൾ സംഭവത്തിനു മുമ്പ് കൊല്ലപ്പെട്ടവരുടെ നീക്കങ്ങൾ മുമ്പ് നിരീക്ഷിച്ച് പ്രതികൾക്ക് വിവരങ്ങൾ കൈമാറിയെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
14 ദിവസമാണ് കേസിൽ കോടതിയിൽ വിസ്താരം നടന്നത്. വിചാരണയുടെ അടിസ്ഥാനത്തിൽ പ്രതികളെ കോടതി ചോദ്യം ചെയ്തിരുന്നു. 44 സാക്ഷികളെയാണ് വിസ്തരിച്ചത്. 140 രേഖകൾ മാർക്ക് ചെയ്തു. 63 തൊണ്ടി മുതലുകൾ ഹാജരാക്കി. വിചാരണ വേളയിൽ പ്രതികളെയും കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും ഷിനോജ് സഞ്ചരിച്ച ബൈക്കും കൊല്ലപ്പെട്ടവരുടെ ചോര പുരണ്ട വസ്ത്രങ്ങളും സാക്ഷികൾ കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു.
ടി.പി ചന്ദ്രശേഖരൻ കേസിലെ പ്രതികളായ കൊടി സുനിയും ഷാഫിയും ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളും വിചാരണ വേളയിൽ കോടതിയിൽ ഹാജരായിരുന്നു.2010 മേയ് 28ന് രാവിലെ പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം. മാഹി കോടതിയിൽ നിന്നും കേസ് കഴിഞ്ഞ് വരികയായിരുന്ന വിജിത്തിനെയും ഷിനോജിനെയും ന്യൂ മാഹി പെരിങ്ങാടിയിൽ വച്ച് അക്രമിസംഘം ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. 16 പ്രതികളാണ് ഈ കേസിലുള്ളത്.
രണ്ട് പ്രതികൾ മരണപ്പെട്ടു പതിനാല് പ്രതികളാണ് വിചരണ നേരിടുന്നത്. കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി പി. പ്രേമരാജനും പ്രതികൾക്കായി സി.കെ. ശ്രീധരനുമാണ് ഹാജരാകുന്നത്.സിപിഎം പ്രവർത്തകരായ പള്ളൂർ കൊയ്യോട് തെരുവിലെ ടി. സുജിത്ത്, ചൊക്ലി മീത്തലെ ചാലിൽ ഹൗസിൽ ഷാരോൺ വില്ലയിൽ എൻ.കെ. സുനിൽകുമാർ എന്ന കൊടി സുനി, നാലുതറ മണ്ടപ്പറമ്പത്ത് കോളനിയിലെ ടി.കെ സുമേശ്, ചൊക്ലി പറമ്പത്ത് ഹൗസിൽ കെ.കെ. മുഹമ്മദ് ഷാഫി, ഷമിൽ നിവാസിൽ ടി.വി. ഷമിൽ, കൂടേന്റവിട എ.കെ. ഷമ്മാസ്, ഈസ്റ്റ് പള്ളൂരിലെ കെ. അബ്ബാസ്, ചെമ്പ്ര നാലുതറ പറയുള്ളപറമ്പത്ത് രാഹുൽ, കുന്നുമ്മൽ വീട്ടിൽ തേങ്ങ വിനീഷ് എന്ന കെ. വിനീഷ്, കോടിയേരി പാറാൽ ചിരുതാംകണ്ടി സി.കെ. രജി കാന്ത്, പള്ളൂർ പടിഞ്ഞാറെ നാലുതറ പി.വി. വിജിത്ത്, അമ്മാല മഠത്തിൽ മുഹമ്മദ് രജീസ്, കണ്ണാറ്റിക്കൽ വീട്ടിൽ ഷിനോജ്, അഴീക്കൽ മീത്തലെ എടക്കാടന്റവിട ഫൈസൽ, ചൊക്ലി തണൽ വീട്ടിൽ കാട്ടിൽ പുതിയ പുരയിൽ സരിഷ്, ചൊക്ലി കണ്ണോത്ത്പള്ളി തവക്കൽ മൻസിലിൽ സജീർ എന്നിവരാണ് കേസിലെ പ്രതികൾ. പത്താം പ്രതി രജികാന്ത്, പന്ത്രണ്ടാം പ്രതി മുഹമ്മദ് റജീസ് എന്നിവരാണ് പിന്നീട് മരണപ്പെട്ടത്.