ഷക്കീബിന് ഡബിള്‍, കിവീസിനെതിരേ റണ്‍മല തീര്‍ത്ത് ബംഗ്ലാദേശ്

nzവെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശിന്റെ റണ്‍ മഴ. ഷക്കീബ് അല്‍ ഹസന്റെ ഇരട്ട സെഞ്ചുറിയും മുഷ്ഫിഖുര്‍ റഹീമിന്റെ സെഞ്ചുറിയുമാണ് രണ്ടാം ദിനം പൂര്‍ണമായും ബംഗ്ലാദേശിന് സ്വന്തമാക്കിയത്. കളിനിര്‍ത്തുമ്പോള്‍ 542/7 എന്ന ശക്തമായ നിലയിലാണ് ബംഗ്ലാദേശ്.

മഴ മൂലം ആദ്യ ദിനം 40.2 ഓവര്‍ മാത്രമാണ് കളിനടന്നത്. 154/3 എന്ന നിലയില്‍ ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് രണ്ടാം ദിനം അടിച്ചുകൂട്ടയത് 388 റണ്‍സ്. സാക്കിബ് 217 റണ്‍സും മുഷ്ഫിഖുര്‍ 159 റണ്‍സും നേടി പുറത്തായി. ടെസ്റ്റിലെ ഒരു ബംഗ്ലാദേശ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ഷക്കീബ് വെല്ലിംഗ്ടണില്‍ കുറിച്ചത്. 276 പന്ത് നേരിട്ട ഈ ഇടംകൈയന്‍ ഓള്‍റൗണ്ടര്‍ 31 ബൗണ്ടറികളും ഇന്നിംഗ്‌സില്‍ പറത്തി. 23 ഫോറും ഒരു സിക്‌സും അടങ്ങിയതായിരുന്നു മുഷ്ഫിഖുര്‍ റഹീമിന്റെ ഇന്നിംഗ്‌സ്. മൊമിനുള്‍ ഹഖ് (64), തമീം ഇക്ബാല്‍ (54) എന്നിവരും തിളങ്ങി.

രണ്ടാം ദിനത്തിന്റെ തുടക്കം തന്നെ മൊമിനുളിനെ നഷ്ടപ്പെട്ട ശേഷമാണ് ഷക്കിബ്–-മുഷ്ഫിഖുര്‍ ജോഡി ഒന്നിച്ചത്. കിവീസ് ബൗളര്‍മാരെ നാലുപാടും പായിച്ച സഖ്യം അഞ്ചാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 359 റണ്‍സ്. കിവീസിന് വേണ്ടി നീല്‍ വാഗ്‌നര്‍ മൂന്നും ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും നേടി.

Related posts