കണ്ണൂർ: ഒളിന്പിക്സ് മെഡൽ നേടിയ ആദ്യ മലയാളിയും ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പറുമായിരുന്ന കണ്ണൂർ ബർണശേരി സ്വദേശി മാനുവൽ ഫ്രെഡറിക് (78) അന്തരിച്ചു. ഇന്ന് പുലർച്ചെ ബംഗളൂരുവിലെ ഹെബ്ബാൾ ആംസ്റ്റർ സിഎംഐ ആശുപത്രിയിലായിരുന്നു അന്ത്യം. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു.
ഏഴു വർഷം ഇന്ത്യൻ ഹോക്കി ടീമിന്റെ വിശ്വസ്ത കാവൽഭടനായിരുന്ന മാനുവൽ 1972ലെ മ്യൂണിക്ക് ഒളിന്പിക്സിലാണ് വെങ്കല മെഡൽ നേടിയത്. തൊട്ടടുത്ത വർഷം ആംസ്റ്റർഡാം ലോകകപ്പിൽ വെള്ളി മെഡൽ നേടിയ ടീമിലും അംഗമായിരുന്നു. 2019ൽ ധ്യാൻചന്ദ് അവാർഡ് നൽകി രാജ്യം ആദരിച്ചു. കായികരംഗത്തെ സമഗ്രസംഭാവനയ്ക്ക് ഒളിന്പ്യൻ സുരേഷ്ബാബുവിന്റെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ അവാർഡും ലഭിച്ചു.
പട്ടാളത്തിൽ ബോക്സർ ആയിരുന്ന ബർണശേരിയിലെ ജോസഫ് ബാവൂർ – സാറ ദദന്പതികളുടെ ആറ് മക്കളിൽ ഇളയവനായിരുന്നു മാനുവൽ ഫ്രെഡറിക്. പതിനൊന്നാം വയസിൽ ഹോക്കി സ്റ്റിക്കേന്തിയ മാനുവൽ ബർണശേരി ബിഇഎം യുപി സ്കൂളിനും സ്പോർട്സ് ക്ലബിനും വേണ്ടി കളിച്ചു. 14ാം വയസിൽ സ്പെഷൽ റിക്രൂട്ട്മെന്റിലൂടെ ബംഗ്ലൂരു ആർമി സപ്ലൈ കോറിന്റെ ബോയ്സ് ടീമിലെത്തി. ഇക്കാലത്ത് 105 ആർട്ടിലറി ബറ്റാലിയൻ ടീമിനും കളിച്ചു.
ആർമി സപ്ലൈ കോറിന്റെ വിജയശില്പിയായി അതിവേഗം മാറിയ മാനുവലിന്റെ മികവിൽ 21 ടൂർണമെന്റുകളിൽ ടീം ചാന്പ്യൻമാരായി. മദ്രാസിലെ എംസിസി ടൂർണമെന്റിൽ വിവിധ വർഷങ്ങളിൽ ഉത്തർപ്രദേശ്, മോഹൻബഗാൻ, കർണാടക ടീമുകളുടെ കിരീടനേട്ടത്തിൽ പങ്കാളിയായി. മോഹൻബഗാൻ മേജർ ധ്യാൻചന്ദ് ട്രോഫി നേടിയതും മാനുവലിന്റെ മികവിലായിരുന്നു.
ആർമി സപ്ലൈ കോറിൽ 15 വർഷം ജോലി ചെയ്തു. നാലു വർഷം സർവീസസിന്റെ ജഴ്സിയണിഞ്ഞു. 1970ൽ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിനുള്ള ക്യാന്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ദേശീയടീമിൽ കളിക്കാനുള്ള പ്രായമായില്ലെന്ന് പറഞ്ഞ് 22കാരനായ മാനുവലിനെ തഴഞ്ഞു. രണ്ടു വർഷത്തിനുശേഷം മ്യൂണിക്ക് ഒളിന്പിക്സിനുള്ള ടീമിലിടം നേടി. 1978ലെ ബ്യൂണസ് ഐറിസ് ലോകകപ്പിലാണ് അവസാനമായി ഇന്ത്യൻ കുപ്പായമണിഞ്ഞത്.
തുടർന്ന് ബംഗളൂരുവിൽ ബിഎംസി, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ( എച്ച്എഎൽ) ടീമുകൾക്ക് വേണ്ടി കളിച്ചു. 18 വർഷം എച്ച്എഎലിന്റെ പരിശീലകനായിരുന്നു. ടീമിനെ എംസിസി ടൂർണമെന്റിലും രണ്ടു തവണ ഓൾ ഇന്ത്യ പബ്ലിക് സെക്ടർ ടൂർണമെന്റിലും മൂന്നുതവണ ലീഗിലും ജേതാക്കളാക്കി. ബംഗളൂരുവിലെ വിവിധ സ്കൂളുകളിലും കോളജുകളിലും ഹോക്കി പരിശീലകനായി. സംസ്കാരം പിന്നീട് നടക്കും. ഭാര്യ: പരേതയായ ശീതള. മക്കൾ: ഫ്രെഷീന (ബിസിനസ്, ബംഗളൂർ), ഫെനില (ബിസിനസ്, മുംബൈ). മരുമക്കൾ: പ്രവീൺ, ടിനു തോമസ്.


 
  
 