കൊല്ലം: ഓണ്‍ലൈന്‍ ഗെയിമിന് അടിമയായിരുന്ന സ്വകാര്യ സ്കൂള്‍ ജീവനക്കാരനെ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം പോത്തുകല്‍ സ്വദേശി ടോണി. കെ. തോമസ് (27)നെ പത്തനാപുരത്തെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അച്ഛന്റെ മരണത്തോടെയാണ് ടോണി ഓണ്‍ലൈന്‍ ഗെയിം ചൂതാട്ടത്തിലേക്ക് തിരിഞ്ഞതെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഗെയിമിൽ നിന്ന് ഒന്നോ രണ്ടോ തവണ 1,600 രൂപ വീതം ലഭിച്ചിരുന്നു. പിതാവ് കുഞ്ഞുമോന് തോമസ് ജോലി ചെയ്തിരുന്ന പത്തനാപുരത്തുള്ള സ്കൂളില്‍ ടോണിക്ക് ഒന്നര വര്‍ഷം മുമ്പാണ് പ്യൂണായി നിയമനം കിട്ടുന്നത്. ജോലി ലഭിച്ചിട്ടും ടോണി ഓണ്‍ലൈന്‍ ഗെയിം ഹരമായി കൊണ്ടുനടന്നിരുന്നു.
അധ്യാപകരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമൊക്കെ പണം കടം വാങ്ങി ഓണ്‍ലൈന്‍ ഗെയിമില്‍ മുടക്കി കൊണ്ടിരുന്നു. ശമ്പളം വാങ്ങിയാണ് പലരുടെയും കടം തിരിച്ചു കൊടുത്തു വന്നിരുന്നത്. പിന്നെയും ചൂതാട്ടത്തിനായി കടം വാങ്ങി വരുകയായിരുന്നു.
പതിവായി രാവിലെ ടോണിയാണ് സ്കൂള്‍ തുറന്നിരുന്നത്. എന്നാല്‍ തിങ്കളാഴ്ച പതിവ് സമയം കഴിഞ്ഞിട്ടും സ്കൂളിന്റെ പ്രധാന കവാടം അടഞ്ഞു കിടന്നതിനാല്‍ മറ്റു ജീവനക്കാര്‍ ടോണിയെ ഫോണ്‍ വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ടോണി താമസിക്കുന്ന ടൗണിലെ ഫ്ലാറ്റിൽ എത്തുമ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആറ് മാസം മുന്‍പ് വീട്ടുകാര്‍ ഇടപ്പെട്ട് ടോണിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയെങ്കിലും വീണ്ടും ഓണ്‍ലൈന്‍ ഗെയിമിലേക്കെത്തുകയായിരുന്നു. ടോണി താമസിക്കുന്ന ഫ്ലാറ്റിന്റെ ഉടമ ഷാനവാസില്‍ നിന്ന് 2,000 രൂപ കടംവാങ്ങിയിരുന്നു. ഗെയിമിൽ അവസാന പരീക്ഷണത്തിനായിരുന്നു ഇതെന്നാണ് കരുതുന്നത്. ടോണിയുടെ മുറിയില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
ഓണ്‍ലൈന്‍ ഗെയിമിൽ ടോണിക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും ക്രെഡിറ്റ് അപ്പുകളിൽ നിന്നും പണം കടമെടുത്തിരുന്നതായും ബന്ധുക്കള്‍ പറയുന്നു. വീട്ടിൽ എത്തുമ്പോഴൊക്കെ നേരം പുലരുന്ന വരെ ഗെയിം കളിക്കാറുണ്ടായിരുന്നു.
ഇത് വഴി വലിയ ബാധ്യത ടോണിക്ക് ഉണ്ടായെന്നും ബന്ധുക്കൾ പറയുന്നു. പരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മരണത്തിൽ പത്തനാപുരം പോലീസ് അന്വേഷണം നടത്തിവരുകയാണ്.