പത്തനംതിട്ട: ഓണ്‍ലൈന്‍ പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം പെരിന്തല്‍മണ്ണ പുലമ്മാന്തോള് ചെമ്മലശേരി പാറക്കടവ് കണക്കാഞ്ചേരി ഹൗസില്‍ കെ. മുഹമ്മദ് ഫവാസിനെയാണ് (24) പത്തനംതിട്ട സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബി. കെ. സുനില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കബളിപ്പിക്കപ്പെട്ട മല്ലപ്പള്ളി എഴുമറ്റൂര്‍ സ്വദേശിയായ 27 കാരന്റെ പരാതിയെത്തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തിരിച്ചറിഞ്ഞ് ഇയാളെ കണ്ടെത്തുകയായിരുന്നു. 2023 ഒക്ടോബര്‍ 26നു രാവിലെ പരാതിക്കാരനുമായി മുഹമ്മദ് ഫവാസ് വാട്സാപ്പ് നമ്പരില്‍ ബന്ധപ്പെട്ടു. ജോലി വാഗ്ദാനം നല്‍കിയും ടെലിഗ്രാം ഐഡി വഴിയും മറ്റും പ്രലോഭിപ്പിച്ചും കൂടുതല്‍ ലാഭം നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ഓണ്‍ലൈന്‍ പാര്‍ട് ടൈം ജോലിക്കു പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചു.
തുടര്‍ന്ന്, ഒക്ടോബര്‍ 26, 27, 30 തീയതികളില്‍ യുവാവിന്റെ പേരിലുള്ള ഫെഡറല്‍ ബാങ്ക് അക്കൗണ്ടിൽ നിന്നും യുപിഐ കൈമാറ്റത്തിലൂടെ നാല് യുപിഐ ഐഡികളിലേക്കും, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, എന്നിവയുടെ വിവിധ അക്കൗണ്ടുകളിലേക്കും പലപ്രാവശ്യമായി 13,44,590 രൂപ നിക്ഷേപിച്ചിരുന്നു.
2023 ഡിസംബര്‍ 14ന് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. തുടര്‍ന്ന്, അന്നത്തെ പോലീസ് ഇന്‍സ്പെക്ടര്‍മാരായ ജോബിന് ജോര്‍ജും ആര്. എസ്. ആദര്‍ശും അന്വേഷണം നടത്തി. 2025 ഏപ്രില്‍ മുതല്‍ ബി. കെ. സുനില്‍ കൃഷ്ണന് ആണ് അന്വേഷണം നടത്തുന്നത്.പ്രതിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു.
താമസസ്ഥലവും ഇലക്ട്രോണിക് ഉപകരണങ്ങളും കസ്റ്റഡിയിലെടുക്കും. മറ്റേതെങ്കിലും സൈബര്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കേണ്ടതിനാലും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണു പോലീസ്നീക്കം. എസ്്എച്ച്്ഒക്കൊപ്പം എഎസ് ഐ കെ. ബ.ി ഹരീഷ് കുമാര്‍, എസ്സിപിഒ ജെ. രാജേഷ്, എ. അനിലേഷ്, സിപി ഒമാരായ ടി. അനു, മനു മോഹനന് എന്നിവരാണു പോലിസ് സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.