ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തങ്ങളുടെ വ്യോമത്താവളങ്ങളെ ആക്രമിച്ചുവെന്നു സമ്മതിച്ച് പാക്കിസ്ഥാൻ. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. ഇതാദ്യമായാണ് വ്യോമത്താവളങ്ങളിൽ മിസൈൽ പതിച്ചെന്നു പാക്കിസ്ഥാൻ സമ്മതിക്കുന്നത്. റാവൽപിണ്ടിയിലെ നൂർ ഖാൻ എയർ ബേസ്, സർഗോദയിലെ പിഎഫ് ബേസ് മുഷറഫ്, ബോളാരി എയർ സ്പേസ്, ജാകോബാബാദിലെ ബേസ് ഷഹബാസ് എന്നിവയാണ് ഇന്ത്യ ആക്രമിച്ച വ്യോമത്താവളങ്ങൾ.
മേയ് ഒമ്പതിനും പത്തിനും ഇടയിലുള്ള രാത്രിയിൽ മിലിട്ടറി ജനറൽ അസിം മുനീർ തന്നെ വിളിച്ചെന്നും ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈലുകൾ നൂർ ഖാൻ എയർബേസുകൾ അടക്കമുള്ളവയെ അക്രമിച്ചെന്നും അദ്ദേഹം പറഞ്ഞെന്നും ഇസ്ലാമബാദിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേയാണു ഷഹബാസ് ഷരീഫ് വെളിപ്പെടുത്തിയത്.
തിരിച്ചടിക്കും എന്ന ആത്മവിശ്വാസത്തോട് കൂടിയാണു മിലിട്ടറി ജനറൽ ഇക്കാര്യം പറഞ്ഞതെന്നും ഷഹബാദ് ഷെരീഫ് പറയുന്നു.തകർന്നുകിടക്കുന്ന വ്യോമത്താവളങ്ങളുടെ ചിത്രങ്ങൾ ഇന്ത്യ നേരത്തെ പുറത്തുവിട്ടിരുന്നു. വ്യോമത്താവളങ്ങളെ ആക്രമിക്കാൻ ഇന്ത്യ തൊടുത്തുവിട്ടത് 15 ബ്രഹ്മോസ് മിസൈലുകളാണ്.
പാക് വ്യോമസേനയുടെ അടിസ്ഥാന സൗകര്യങ്ങളില്‍ 20 ശതമാനം നാശം ഇന്ത്യ ഉണ്ടാക്കി. പാക്കിസ്ഥാന് നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്കുളള തിരിച്ചടിയായിരുന്നു ഇത്.
പാക്കിസ്ഥാൻ ഇന്ത്യയിലേക്കയച്ച 600ഓളം ഡ്രോണുകൾ ഇന്ത്യൻ സേന തകർത്തെന്നും നാലോ അഞ്ചോ പാക് ഡ്രോണുകൾക്ക് മാത്രമാണ് ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം വെട്ടിക്കാനായതെന്നും ഇന്ത്യൻ സേനാ വക്താക്കൾ വ്യക്തമാക്കി.