ആര്‍എസ്എസിനെ അനുകരിക്കാന്‍ കോണ്‍ഗ്രസ് ! ആര്‍എസ് പ്രചാരക് മാതൃകയില്‍ ‘പ്രേരക്’മാരെ നിയമിച്ച് പാര്‍ട്ടിപ്രവര്‍ത്തനം താഴെത്തട്ടിലെത്തിക്കും; പദ്ധതികള്‍ ഇങ്ങനെ…

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വന്‍ വിജയത്തില്‍ നിര്‍ണായകമായ ഘടകങ്ങളിലൊന്ന് ആര്‍എസ്എസിന്റെ ശക്തമായ സംഘടനാ പ്രവര്‍ത്തനമായിരുന്നു. കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതിനു കാരണം ശക്തമായ സംഘടനാ പ്രവര്‍ത്തനത്തിന്റെ അഭാവം മൂലമായിരുന്നു. എന്നാല്‍ തിരിച്ചടിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മാറിചിന്തിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍.

സംഘടനാ സംവിധാനം ആര്‍എസ്എസ് മാതൃകയില്‍ ഉടച്ചുവാര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പദ്ധതിയിടുകയാണ്.ആര്‍എസ്എസിന്റെ പ്രചാരക്മാരെപ്പോലെ, പ്രേരക്മാരെ നിയമിച്ചു പാര്‍ട്ടി പ്രവര്‍ത്തനം താഴെത്തട്ടില്‍ എത്തിക്കാനാണു കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. അഞ്ചു ജില്ലകളടങ്ങിയ ഒരു ഡിവിഷനു മൂന്ന് പ്രേരക്മാരുണ്ടാകും. സെപ്റ്റംബര്‍ അവസാനത്തിനകം പ്രേരക്മാരെ നിര്‍ദേശിക്കാന്‍ പിസിസികള്‍ക്കു നിര്‍ദേശം നല്‍കി.

കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ പ്രത്യയശാസ്ത്ര മാര്‍ഗദര്‍ശിയായ ആര്‍എസ്എസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകരാണു പ്രചാരക്മാര്‍. ആര്‍എസ്എസ് ശാഖകള്‍ സംഘടിപ്പിക്കുക, സംഘടനയുടെ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക, സന്നദ്ധ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയവയാണു പ്രധാന ജോലി. ഇതിനു സമാനമായാണ് കോണ്‍ഗ്രസ് പ്രേരക്മാരും പ്രവര്‍ത്തിക്കുക. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍നിന്നു മാറിനില്‍ക്കുക എന്ന തത്വം പ്രചാരക്മാരെപ്പോലെ പ്രേരക്മാര്‍ക്കു ബാധകമാകില്ലെന്ന പ്രത്യേകതയുമുണ്ട്.

ഈ മാസം മൂന്നിനു ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയാണ് ആശയം മുന്നോട്ടുവച്ചത്. അഞ്ചു മുതല്‍ ഏഴു ദിവസം വരെ പരിശീലനം നല്‍കി പ്രവര്‍ത്തനം നിരീക്ഷിച്ച ശേഷമേ പ്രേരകുമാരെ നിയമിക്കൂ. പ്രേരക്മാര്‍ മാസത്തിലൊരിക്കല്‍ ജില്ലാ ഓഫിസില്‍ പ്രവര്‍ത്തകര്‍ക്കായി സംസ്ഥാന, ദേശീയ വിഷയങ്ങളെക്കുറിച്ചു സംവാദം സംഘടിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. എന്തായാലും ഇത് എത്രമാത്രം പ്രാവര്‍ത്തികമാകുമെന്ന ഉദ്വേഗത്തിലാണ് പാര്‍ട്ടി നേതൃത്വവും അണികളും ഇപ്പോള്‍.

Related posts