നെടുങ്കണ്ടം: അനധികൃത പണമിടപാട് നടത്തിയ രണ്ടു പേരെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷന് ഷൈലോക്കിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയില്‍ ഇവരില്‍നിന്ന് 22 ലക്ഷം രൂപ പിടിച്ചെടുത്തു. നെടുങ്കണ്ടം ആശാരികണ്ടം മഠത്തില്‍ അബ്ദുള്‍ ഖാദര്‍ (77), തമിഴ്നാട് സ്വദേശിനി കലാഭവന്‍ വീട്ടില്‍ സൂര്യകല (60) എന്നിവരാണ് പിടിയിലായത്.
അബ്ദുല്‍ ഖാദറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കിടപ്പുമുറിയില്‍ സൂക്ഷിച്ച 21,12,000 രൂപയും നിരവധി മുദ്രപ്പത്രങ്ങളും ചെക്കുകളുമാണ് കണ്ടെടുത്തത്. മറ്റൊരു പരിശോധനയില്‍ നെടുങ്കണ്ടത്ത് പച്ചക്കറിവ്യാപാരം നടത്തുന്ന സൂര്യകലയുടെ പക്കല്‍നിന്ന് 1,01,350 രൂപയും അഞ്ചു ചെക്കുകളും പ്രോമിസറി നോട്ടും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.

