ചണ്ഡീഗഡ്: പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാനെതിരേ ഇന്ത്യ നടത്തിയ പ്രത്യാക്രമണമായ ഓപ്പറേഷൻ സിന്ദൂറിനിടെ സൈനികർക്കു ഭക്ഷണവും പാനീയങ്ങളും എത്തിച്ച പത്തുവയസുകാരന്റെ പഠനച്ചെലവ് ഏറ്റെടുത്ത് സൈന്യം. ശ്വൻ സിംഗിന്റെ പഠനച്ചെലവാണ് ഇന്ത്യൻ സൈന്യത്തിന്റെ ഗോൾഡൻ എറോ ഡിവിഷൻ ഏറ്റെടുത്തത്.
ഫിറോസ്പുര്‍ കന്റോണ്മെന്റില് ഇന്നലെ നടന്ന ചടങ്ങിൽ പടിഞ്ഞാറൻ കമാൻഡിന്റെ ജനറൽ ഓഫിസർ കമാൻഡർ ഇൻ ചീഫ് ലെഫ്. ജനറൽ മനോജ് കുമാർ കാടിയാർ ശ്വനെ ആദരിച്ചു. താരാവാലി ഗ്രാമത്തിലെ സൈനികർക്ക് ഭക്ഷണവും പാനീയങ്ങളും എത്തിച്ചു നൽകിയിരുന്നത് ശ്വൻ സിംഗ് ആയിരുന്നു. വെടിവയ്പ് നടക്കുന്നതിനിടയിൽ പോലും വെള്ളം, ചായ, പാൽ, ലസ്സി തുടങ്ങിയവ ശ്വൻ സൈനികർക്കു എത്തിച്ചുനൽകി.
തന്റെ മകന്റെ പ്രവൃത്തിയിൽ അഭിമാനിക്കുന്നുവെന്നും ആരും പറയാതെ തന്നെ ഇങ്ങനെയൊരു പ്രവൃത്തി ഏറ്റെടുത്തതിൽനിന്ന് അവന്റെ ദേശസ്നേഹം എത്രത്തോളം ഉണ്ടെ ന്ന് തിരിച്ചറിഞ്ഞുവെന്നും ശ്വനിന്റെ പിതാവ് പറഞ്ഞു. ഭാവിയിൽ സൈന്യത്തിൽ ചേരണമെന്നാണ് ശ്വന്‍ സിംഗിന്റെ സ്വപ്നം.