മൂന്നാർ: ജനവാസമേഖലകളിൽനിന്നു മാറാതെ ചുറ്റിത്തിരിയുന്ന പടയപ്പ കഴിഞ്ഞ ദിവസം എത്തിയത് ചെണ്ടുവര എസ്റ്റേറ്റിൽ. ജനവാസ മേഖലകളിലെ എസ്റ്റേറ്റ് ലയങ്ങൾക്കു സമീപമാണ് കൊട്ടുകൊന്പൻ ചുറ്റിത്തിരിയുന്നത്. ചെണ്ടുവരയ്ക്കു സമീപമുള്ള എസ്റ്റേറ്റായ ചിറ്റുവരയിൽ രണ്ടു ബൈക്ക് യാത്രികർ പടയപ്പയുടെ മുന്പിൽപ്പെട്ടിരുന്നു.
കഴിഞ്ഞയാഴ്ച ചിറ്റുവരയിലെ എസ്റ്റേറ്റ് മേഖലകളിലാണ് പടയപ്പ ചുറ്റിത്തിരിഞ്ഞിരുന്നത്. ശക്തമായ മഴ എത്തിയതോടെ ഏതാനും നാളുകളായി കാടിനുള്ളിലായിരുന്ന പടയപ്പ മഴയുടെ ശക്തി കുറഞ്ഞതോടെയാണ് വീണ്ടും ജനവാസ മേഖലകളിൽ എത്തുന്നത്.
ചെണ്ടുവര, ചിറ്റുവര, കുണ്ടള, സാൻഡോസ് കുടി എന്നിവടിങ്ങളിലായാണ് കഴിഞ്ഞ ദിവസങ്ങളിൽ ചുറ്റിത്തിരിഞ്ഞിരുന്നത്. സൈലന്റ് വാലി, ഗൂഡാർവിള എസ്റ്റേറ്റുകളിലും പടയപ്പ എത്തിയിരുന്നു.
ഏതാനും നാളുകൾക്കു മുന്പ് പട്ടാപ്പകൽ ഒഡികെ ഡിവിഷിനിൽ എത്തിയിരുന്നു. ജനവാസമേഖലകളിൽ സ്ഥിരസാന്നിധ്യമായിട്ടും ഇതുവരെ ആക്രമണങ്ങൾക്കു മുതിരാത്തതിനാൽ വലിയ ആശങ്കയുണ്ടായിട്ടില്ല. അതേസയമം ഏതു സമയത്തും ശാന്തത കൈവിട്ട് ആക്രമണത്തിന് മുതിരുമോ എന്നുള്ള സന്ദേഹവും നാട്ടുകാർ പങ്കുവയ്ക്കുന്നുണ്ട്.