സംക്രാന്തി ഗ്രാമത്തിന്റെ പാരമ്പര്യവും പഴമയും വിളിച്ചറിയിച്ച സംക്രമവാണിഭത്തില്‍ തലമുറകള്‍ സംഗമിച്ചു. ഒപ്പം സംക്രാന്തി വിളക്കമ്പലത്തില്‍ കര്‍ക്കടക സംക്രമ ഉത്സവവും ഇന്നലെ നടന്നു.
കുമാരനല്ലൂര്‍ ഊരാണ്മ ദേവസ്വത്തിന്റെയും സാമൂഹിക സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ നഗരസഭയുടെ നേതൃത്വത്തിലായിരുന്നു വാണിഭം. കാര്‍ഷിക പണിയായുധങ്ങള്‍, ഫര്‍ണിച്ചര്‍, മണ്‍ചട്ടികള്‍, ഇരുമ്പ് സാധനങ്ങള്‍ തുടങ്ങി കാലം മറന്നുകൊണ്ടിരിക്കുന്ന ഒട്ടേറെ സാമഗ്രികള്‍ ഇന്നലെ വില്ക്കാനുണ്ടായിരുന്നു.
ഈറ്റകൊണ്ടുള്ള മീന്‍കൂട, വാലന്‍ കുട്ട, വട്ടക്കുട്ട, ചോറ്റുകുട്ട, മുറം, ഭരണി, തഴപ്പായ, കുട്ട, വട്ടി, തവി, കോടാലിക്കൈ, പായ തുടങ്ങിയവയുമായി വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കച്ചവടക്കാരും കുലത്തൊഴിലാളികളും അണിനിരന്നു. കാര്‍ഷിക ഉപകരണങ്ങളായ തൂമ്പ, വാക്കത്തി, അരിവാള്‍, ഇരുമ്പ് ഉപകരണങ്ങള്‍ തുടങ്ങിയവയും വഴിയോര വാണിഭത്തില്‍ നിരന്നു.
പാക്കില്‍ വാണിഭത്തിന് ഇന്നു തുടക്കം
പഴമയുടെയും ഗൃഹാതുരത്വത്തിന്റെയും ഓര്‍മകളുണര്‍ത്തി പാക്കില്‍ വാണിഭത്തിന് ഇന്നു തുടക്കം. കര്‍ക്കടകം ഒന്നു മുതല്‍ ചിങ്ങം വരെ നീളുന്ന പാക്കില്‍ വാണിഭമേള കാര്‍ഷികപ്പെരുമയുടെ ഉത്സവംകൂടിയാണ്. ചിങ്ങവനത്തിനു സമീപം പാക്കില്‍ ധര്‍മശാസ്താ ക്ഷേത്ര മൈതാനത്താണ് നാട്ടുചന്ത പഴമ തെറ്റാതെ നടക്കുന്നത്. ഈ വാണിഭത്തിനു പിന്നില്‍ ഒരു ഐതിഹ്യം നിലനില്‍ക്കുന്നതായി പഴമക്കാര്‍ പറയുന്നു.
പാക്കില്‍ ക്ഷേത്രത്തില്‍ പരശുരാമന് വിഗ്രഹം പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചിട്ടും ഉറപ്പിക്കാനായില്ലെന്നും അപ്പോള്‍ അതുവഴി മുറം വില്‍ക്കാനെത്തിയ പാക്കനാര്‍ വിഗ്രഹം പിടിച്ചുറപ്പിച്ചുവെന്നുമാണ് ഐതിഹ്യം. ഇവിടെ പാര്‍ക്ക് എന്നു പറഞ്ഞാണ് പാക്കനാര്‍ വിഗ്രഹമുറപ്പിച്ചതത്രേ. എല്ലാ വര്‍ഷവും കര്‍ക്കടകം ഒന്ന് മുതല്‍ ഇവിടെ മുറം വില്ക്കാന് പരശുരാമന് പാക്കനാര്‍ക്ക് അനുമതിയും നല്കിയത്രേ. അങ്ങനെ അവിടം പാക്കിലായി പരിണമിച്ചു.
പാക്കനാരുടെ പിന്മുറക്കാര് എത്തി തിരിതെളിച്ചാണ് പാക്കില്‍ വാണിഭം എല്ലാ വര്‍ഷവും ആരംഭിക്കുക. ഈറ്റ ഉത്പന്നങ്ങള്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ച ശേഷമാണ് വാണിഭത്തിന് തുടക്കമാവുക. മുന്‍കാലങ്ങളില്‍ മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ തുറന്ന വിപണിയായിരുന്നു പാക്കില്‍ സംക്രമ വാണിഭം. എല്ലാത്തരം വീട്ടുപകരണങ്ങളും സ്റ്റാളുകളില്‍ വാങ്ങാനുണ്ടാവും.
ഉരല്, ഉലക്ക, അമ്മിക്കല്ല്, അരകല്ല്, ആട്ടുകല്ല്, കല്‍ചട്ടി, മണ്‍ചട്ടി, തൈര് കടഞ്ഞ് വെണ്ണയെടുക്കുന്ന മത്ത്, ചോറ് വാര്‍ക്കുന്ന തടിപ്പലക, നാഴി, ഇടങ്ങഴി, പറ, നെല്ല് ഉണക്കുന്ന ചിക്കുപായ, കിടക്കപ്പായ, വിശറി, ചാരുകസേര, അരകല്ല് തുടങ്ങിവയ്ക്കു പുറമെ ഫര്‍ണിച്ചറുകളും ഇവിടെയുണ്ടാകും. ഇവിടെ ലഭിക്കുന്ന നാടന്‍ കുടംപുളിക്ക് ആവശ്യക്കാര്‍ ഏറെയാണ്.
അവില്, മലര്, നാടന്‍കുത്തരി, പച്ചരി, കരുപ്പട്ടി, ശര്‍ക്കര, പഞ്ഞപ്പുല്ല്, കൂവപ്പൊടി എന്നിവയും വാങ്ങാം. നാടന്‍ വിത്തിനങ്ങളും കാര്‍ഷികോപകരണങ്ങളും സ്റ്റാളുകളില്‍ ലഭ്യമാണ്. കാലം മാറിയതോടെ വസ്ത്രം മുതല്‍ മൊബൈല്‍ വരെ വിറ്റഴിയുന്നു. കുടുംബശ്രീ, കൃഷിഭവന്, തൊഴിലുറപ്പ് വിഭാഗങ്ങളുടെയും സ്റ്റാളുകളുമുണ്ടാകും.