പ്രശസ്തമായ പാക്കിൽ വാണിഭത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു കൊട്ടത്തങ്ക ചങ്ങനാശേരി മാമൂട് മാന്നില ഭാഗത്ത് മുക്കട വീട്ടിൽ തങ്കപ്പന്റെ ഭാര്യയാണ് തങ്കമ്മ.
കിഴക്കൻ മേഖലകളിൽനിന്നു കാട്ടുവള്ളികൾ വെട്ടി ബസിൽ കയറ്റി നാട്ടിൽ കൊണ്ടുവന്നു കുട്ടയും മുറവും നെയ്തിരുന്ന ഒരു തലമുറ തന്നെ മാന്നിലയിൽ ഉണ്ടായിരുന്നു ആ തലമുറയിലെ അവശേഷിക്കുന്ന ഏക കണ്ണിയായിരുന്നു തങ്കമ്മ. പാക്കിൽ വാണിഭത്തിന് കുറെ നാളായി പാക്കനാരുടെ പ്രതിനിധിയായി തങ്കമ്മയെ ആദരിച്ചു കൊണ്ടാണ് വാണിഭം ആരംഭിച്ചിരുന്നത്.
തങ്കമ്മയുടെ കരവിരുതിൽ മെടയുന്ന കൊട്ടയ്ക്കും മുറത്തിനും പായക്കുമായി ആൾക്കാർ കാത്തു നിൽക്കുമായിരുന്നു. കുറഞ്ഞ വിലയിൽ മെച്ചമായ സാധനങ്ങൾ കൊടുക്കുമ്പോഴും തങ്കമ്മ ഈടാക്കിയിരുന്നത് തുച്ഛമായ ലാഭം മാത്രമായിരുന്നു. ഭർത്താവിന്റെ മരണശേഷം ചായക്കട നിർത്തി പരമ്പരാഗതമായി പൂർവികർ വഴി കൈമാറിയ തൊഴിലേക്ക് തങ്കമ്മ മാറി.
മൂന്നുമക്കളുടെ വിവാഹ ശേഷം ഒറ്റക്ക് വീട്ടിൽ താമസിക്കുമ്പോഴും പായയും മുറവും കൊട്ടയും നെയ്ത് തങ്കമ്മ ജീവിച്ചു. തങ്കമ്മ ഓർമയായതെടെ അന്യം നിന്നു പോകുന്ന കൊട്ടനെയ്ത്തിലെ അവസാന കണ്ണിയും മാഞ്ഞു.