തൊടുപുഴ: ജില്ലയിലെ മലയോര പാതകളിൽ റോഡപകടങ്ങൾ പെരുകുന്നു. ഇന്നലെയുണ്ടായ വാഹനാപകടത്തിലും ഒരു ജീവൻ പൊലിഞ്ഞു. ഞായറാഴ്ച കുമളിയിലും പീരുമേട്ടിലും വാഹനാപകടങ്ങളുണ്ടായി. ജില്ലയിൽ ഈ വർഷം ജനുവരി ഒന്നു മുതൽ ജൂണ് 30 വരെ ജില്ലയിൽ ചെറുതും വലുതുമായ 552 റോഡപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഇത്രയും നാളത്തെ അപകടങ്ങളിൽ പൊലിഞ്ഞത് 61 ജീവനുകൾ.ഇന്നലെ കുട്ടിക്കാനം-കട്ടപ്പന മലയോര ഹൈവേയിൽ കരുന്തരുവി ആറാം മൈലിനു സമീപമുണ്ടായ അപകടത്തിൽ കോഴിമല കോടാലിപ്പാറ കാട്ടുമറ്റത്തിൽ സന്തോഷാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റുള്ളവർക്കു സാരമായി പരിക്കേറ്റു.
കെഎസ്ആർടിസി ബസിനു പിന്നിൽ കാർ ഇടിച്ചു കയറിയാണ് അപകടം. ബസിലിടിച്ചു നിയന്ത്രണം വിട്ട കാർ തിട്ടയിലിടിച്ചാണ് നിന്നത്. അടുത്ത നാളിലാണ് ഈ മലയോര ഹൈവേയുടെ നിർമാണം പൂർത്തിയാക്കിയത്.
മാസം 10 മരണം
ഒരു മാസം ശരാശരി കുറഞ്ഞത് 10 പേർ ജില്ലയിൽ വാഹനാപകടങ്ങളിൽ മരിക്കുന്നുവെന്നാണു കണക്കുകൾ. ആറു മാസത്തിനിടെ വാഹനാപകടങ്ങളിൽ 793 പേർക്കു പരിക്കേറ്റു. ഇതിനുപുറമെ കേസ് രജിസ്റ്റർ ചെയ്യാത്ത അപകടങ്ങളും ഏറെയുണ്ട്.അപകടത്തിൽപെടുന്നതിൽ ഏറെയും ഇരുചക്ര വാഹനങ്ങളാണ്.
മോട്ടോർ വാഹന വകുപ്പും പോലീസും പരിശോധനകളും ബോധവത്കരണവും ശക്തമാക്കുന്പോഴും ജില്ലയിൽ അപകട മരണ നിരക്ക് ഉയർന്നു നിൽക്കുകയാണ്.
അശ്രദ്ധ, അമിതവേഗം
പല മലയോര പാതകളും ആധുനിക നിലവാരത്തിലേക്ക് ഉയർന്നതോടെയാണ് അപകടങ്ങളും വർധിച്ചത്. അമിതവേഗം, അശ്രദ്ധ എന്നിവയാണ് അപകടങ്ങൾക്കു പ്രധാന കാരണം. ഇത്തരത്തിൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതിലേറെയും യുവാക്കളാണ്.
വളവുകളും തിരിവുകളും നിറഞ്ഞതാണു ജില്ലയിലെ റോഡുകളിൽ ഭൂരിഭാഗവും.ഇത്തരം റോഡുകളിലൂടെ അമിത വേഗത്തിൽ വാഹനമോടിക്കുന്നത് അപകടങ്ങൾക്കു വഴിവയ്ക്കും.
ഡ്രൈവർമാർ വേണ്ടത്ര വിശ്രമമില്ലാതെ വാഹനമോടിക്കുന്നത്, മദ്യപിച്ചുള്ള ഡ്രൈവിംഗ്, രാത്രി ഹെഡ് ലൈറ്റ് ഡിം ചെയ്യാത്തത്, ഡ്രൈവിംഗിനിടയിലെ മൊബൈൽ ഫോണ് ഉപയോഗം എന്നിവയെല്ലാം അപകടങ്ങൾക്കു കാരണമാകുന്നു.വാഹനപ്പെരുപ്പവും റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്.