ഇസ്ലാമാബാദ്: ഇന്ത്യയുമായി തീവ്രവാദത്തിലടക്കം സൗദി അറേബ്യയിൽ ചർച്ചകൾക്ക് താൽപര്യമറിയിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്.
നിഷ്പക്ഷ വേദിയിൽ ചർച്ചയ്ക്ക് ഇന്ത്യ തയാറായാൽ പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ നേതൃത്വത്തിൽ സംഘത്തെ അയയ്ക്കുമെന്നു ഷഹബാസ് ഷരീഫ് പറഞ്ഞു. കാഷ്മീർ, വെള്ളം, വ്യാപാരം, തീവ്രവാദം എന്നീ വിഷയങ്ങളിൽ ഊന്നിയാകും ചർച്ചയെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.
പാക്കിസ്ഥാനിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. തീവ്രവാദ വിഷയത്തിൽ പാക്കിസ്ഥാൻ ചർച്ചകൾക്ക് തയാറാകണമെന്നത് ഇന്ത്യയുടെ പ്രധാന ആവശ്യമാണ്. ഓപ്പറേഷൻ സിന്ദൂരിലൂടെ പാക്കിസ്ഥാന് ഇന്ത്യ നൽകിയ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് ഇന്ത്യയുമായി ചർച്ചയ്ക്ക് തയാറെന്നു വ്യക്തമാക്കി പാക്കിസ്ഥാൻ പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.