പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനിൽ നാട്ടിലേക്കു ട്രെയിൻ കയറാൻ എത്തിയ അന്യസംസ്ഥാന തൊഴിലാളി യുവാവ് റെയിൽവേ ട്രാക്കിലേക്ക് വീണ് ഇരുകാലുകളും അറ്റു. പശ്ചിമ ബംഗാള്‍ മീര സ്വദേശി സബീര്‍ സെയ്ഖിന്റെ (35) കാലുകളാണ് ഇന്നലെ വൈകുന്നേരം ഉണ്ടായ അപകടത്തിൽ നഷ്ടമായത്.
ഇരുകാലുകളുടെയും മുട്ടിനുതാഴെ അറ്റുപോയ സബീറിനെ ആദ്യം ജില്ലാ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മാറ്റി. ഇന്നലെ വൈകുന്നേരം ആറേകാലോടെയാണ് ദാരുണമായ ദുരന്തം ഉണ്ടായത്. നാട്ടിലേക്കു പോകാനായി എത്തിയതാണെന്ന് കരുതുന്ന സബീർ ട്രെയിനിൽ ഓടികയറുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിലൂടെ ട്രാക്കിലേക്ക് വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.
എന്നാൽ കോയമ്പത്തൂര്‍ ഈറോഡ് ഭാഗത്തേക്ക് പോകാനായി രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിൻ പോകുവാൻ തുടങ്ങുന്പോൾ സബീർ ട്രാക്കിലേക്കു വീഴുകയായിരുന്നെന്നും പറയുന്നുണ്ട്. ഇക്കാര്യം റെയിൽവേ പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ട്രെയിനിന്റെ പിറകിലെ കോച്ചുകളുടെ ചക്രങ്ങളാണ് കാലിലൂടെ കയറിയത്.
അപകടം സംഭവിച്ച ഉടനേ യുവാവിനെ റെയില്‍വേ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അറ്റുപോയ കാലുകൾ പ്രത്യേകം ബോക്സിലാക്കി ആശുപത്രിയിലേക്കു കൊണ്ടുപോയി.കോഴിക്കോട്ടുള്ള സ്വകാര്യ ടൈല്‍സ് കടയില്‍ ജോലിക്കാരനാണ് സബീർ. ഇവരെയും ബന്ധുക്കളെയും ആശുപത്രി അധികൃതർ വിവരമറിയിച്ചിട്ടുണ്ട്.