മുണ്ടക്കയം: പളനി അപകടത്തിൽ മരിച്ച ബന്ധുക്കളായ ഏഴ് പേർക്ക് കോരുത്തോട് ഗ്രാമം വിടചൊല്ലി.മൃതദേഹങ്ങൾ ഇന്നു രാവിലെ 8.30നു കോരുത്തോട് സികെഎം എച്ച്എസ്എസ് സ്കൂളിൽ പൊതുദർശനത്തിനുവച്ചു. തുടർന്നു കോരുത്തോട്ടിലുള്ള വസതികളിൽ എത്തിച്ചു.സംസ്കാരം ഉച്ചയോടെ നടത്തും.
പളനി ക്ഷേത്രദർശനത്തിനുപോയ കോരുത്തോട് സ്വദേശികൾ സഞ്ചരിച്ച മാരുതി ഓംനി വാൻ പളനിക്കു തൊട്ടടുത്ത് ലോറിയിൽ ഇടിച്ചാണു ബന്ധുക്കളായ ഏഴു പേർ മരിച്ചത്. ഒരു കുട്ടിക്കു ഗുരുതരമായി പരിക്കേറ്റു. കോരുത്തോട് പാറയിൽ പി.ആർ. ശശി (62), ഭാര്യ വിജയമ്മ (60), ശശിയുടെ സഹോദരി ലേഖ (48), ഭർത്താവ് തുണ്ടത്തിൽ സുരേഷ് (54), മകൻ മനുമോൻ സുരേഷ് (27), ശശിയുടെ മകൻ ജിനുവിന്റെ മൂത്തമകൻ അഭിജിത്ത് (13), ശശിയുടെ മാതൃസഹോദരിയുടെ മകളും കോരുത്തോട് നിരപ്പേൽ ബാബുവിന്റെ ഭാര്യയുമായ സജിനി (53) എന്നിവരാണു മരിച്ചത്.
അഭിജിത്തിന്റെ സഹോദരൻ ഗുരുതരമായി പരിക്കേറ്റ ആദിത്യ(11)ൻ മധുര സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ചൊവാഴ്ച രാത്രി 11.15നു പളനിക്കു രണ്ടു കിലോമീറ്റർ മുന്പു ആയക്കുടി സിന്തലാംപെട്ടി പാലത്തിനുസമീപം ഇവർ സഞ്ചരിച്ച മാരുതി ഓംനി വാൻ നിയന്ത്രണംവിട്ട് എതിരെവന്ന ചരക്ക് ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്.
ഇന്നലെ രാത്രി മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചു മോർച്ചറിയിൽ വച്ചിരുന്ന മൃതദേഹങ്ങൾ ഇന്നു രാവിലെ വൻജനാവലിയുടെ സാന്നിധ്യത്തിലാണു പുറത്തെടുത്തതും തുടർന്നു വിലാപയാത്രയായി സികെഎം സ്കൂളിലെത്തിച്ചതും.
നാടിന്റെ നാനാതുറകളിലുള്ളവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. മന്ത്രി എം.എം. മണി, മുഖ്യമന്ത്രിയ്ക്കുവേണ്ടി ജില്ലാ കളക്ടർ ബി.എസ്. തിരുമേനി എന്നിവർ റീത്ത് സമർപ്പിച്ചു.
