കോട്ടയം: കുമാരനല്ലൂര്‍ ദേശവഴികളിലൂടെ ഓണക്കാലത്ത് നടത്തുന്ന ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ആരംഭിച്ചു. ഭക്തിയും ആവേശവും ഒരുപോലെ സംഗമിക്കുന്ന വള്ളംകളി ക്ഷേത്രാചാരങ്ങളോടെയാണു നടത്തുന്നത്. ഇന്നു രാവിലെ എട്ടിന് ദേവീ ചൈതന്യം സിംഹവാഹനത്തില്‍ ആവാഹിച്ച് ക്ഷേത്രനടയില്‍നിന്നു വാദ്യ മേളത്തിന്റെയും കരവഞ്ചിയുടെയും അകമ്പടിയോടെ ആറാട്ട് കടവായ പുത്തന്‍ കടവിലെത്തി. സിംഹ വാഹനം ക്ഷേത്രത്തില്‍നിന്നു കരവഞ്ചിയായി ആറാട്ടുകടവിലെത്തി ചുണ്ടന് വള്ളത്തില്‍ പ്രതിഷ്ഠിച്ചു.
സിംഹവാഹനവുമായി യാത്ര തിരിച്ച പള്ളിയോടം മീനച്ചിലാറിന്റെ ഇരുകരകളിലെയും കടവുകളിലെ ഭക്തര്‍ ഒരുക്കുന്ന പറവഴിപാട് സ്വീകരിച്ചു വൈകുന്നേരത്തോടെ ആറാട്ടുകടവില്‍ തിരിച്ചെത്തും. തുടര്‍ന്ന് കരവഞ്ചിയോടെ ക്ഷേത്രസന്നിധിയിലെത്തി സിംഹവാഹനം തിരികെ സമര്‍പ്പിക്കുന്നതോടെ ഊരുചുറ്റു വള്ളംകളി സമാപിക്കും.
ശ്രീവിനായക ചുണ്ടനിലാണ് ഇത്തവണ സിംഹവാഹനം വഹിക്കുന്നത് കരയോഗങ്ങളുടെ ഓടിവള്ളങ്ങള്‍ അകമ്പടി സേവിക്കുന്നുണ്ട്. ഉത്രട്ടാതി നാളില്‍ ഭഗവതി പള്ളിയോടത്തിലേറി ദേശവഴികളിലെ ഭക്തരെ അനുഗ്രഹിക്കുന്നതിനായി ഊരുചുറ്റുന്നുവെന്നാണ് ഊരുചുറ്റു വള്ളംകളിയുടെ ഐതീഹ്യം. എന്‍എസ്എസ് കരയോഗങ്ങള്‍ക്കു പുറമേ ഭക്തജനങ്ങളുടെ സഹകരണത്തോടെയാണ് ജലോത്സവം നടത്തുത്.