ആറന്മുള: ആറന്മുളകരയുടെ പൊന്നും തിരുവോണം ഇന്ന്. ഉത്തൃട്ടാതി ജലമേള ഇന്ന് ഉച്ചകഴിഞ്ഞ് 1.30ന് പമ്പാനദിയുടെ ആറന്മുള നെട്ടായത്തില്‍ നടക്കും. ചിങ്ങമാസത്തിലെ ഉത്തൃട്ടാതി നാളിലെ ജലോത്സവത്തോടെയാണ് ഓണം നാളുകൾക്ക് പരിസമാപ്തിയാകുന്നത്. ഉച്ചകഴിഞ്ഞ് 1.30ന് പള്ളിയോടങ്ങളുടെ ജലഘോഷയാത്ര മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. രാവിലെ ഒന്‍പതിന് പാര്‍ഥസാരഥി ക്ഷേത്രമതിലകത്തെ ശ്രീകോവിലില്‍ നിന്നു കൊളുത്തിയ ഭദ്രദീപം ആചാര അനുഷ്ഠാനങ്ങളോടെ സത്രപവലിയനില്‍ കൊണ്ടുവരും.
തുടര്‍ന്ന് പരമ്പരാഗതരീതിയില്‍ ഭദ്രദീപം പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ സൂക്ഷിക്കും. 10ന് ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പതാക ഉയര്‍ത്തുന്നതോടുകൂടി വള്ളംകളിയുടെ പ്രാരംഭചടങ്ങുകള്ക്ക് തുടക്കമാകും. ഉച്ചകഴിഞ്ഞ് ഒന്നിന് പള്ളിയോടങ്ങള്‍ പാർഥസാരഥി ക്ഷേത്രക്കടവില്‍ എത്തി ചന്ദനവും പൂമാലയും സ്വീകരിച്ച് ഫിനിഷിംഗ് പോയിന്റില്‍ അണിനിരക്കും. ജലമേളയില്‍ എത്തുന്ന വിശിഷ്ടാതിഥികളെ 1.10ന് പവലിയനിലേക്ക് സ്വീകരിക്കും. വള്ളികളിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍ അധ്യക്ഷത വഹിക്കും.
മന്ത്രി സജി ചെറിയാന് വഞ്ചിപ്പാട്ട് കലാകാരന്മാരെ ആദരിക്കും. മൂന്നിന് മന്ത്രി റോഷി അഗസ്റ്റിന് മത്സരവള്ളംകളി ഫ്ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് പള്ളിയോടസേവാസംഘം പുറത്തിറക്കുന്ന പാഞ്ചജന്യം 2025 സ്മരണിക ചലച്ചിത്രതാരം ജയസൂര്യ പ്രകാശനം ചെയ്യും. സ്വാമി പ്രജ്ഞാനന്ദ തീർഥപാദര്‍ യോഗത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തും. പ്രമോദ് നാരായൺ എംഎല്‍എ, ജില്ലാകളക്ടര്‍ എസ്. പ്രേം കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, മുന്‍ എംഎല്‍എമാരായ രാജു ഏബ്രഹാം, കെ. ശിവദാസന്‍ നായർ, എ. പത്മകുമാര്‍, മാലേത്ത് സരളാദേവി, കെ. സി. രാജഗോപാലൻ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ഗുരുവായൂര്‍ ദേവസ്വം ചെയര്‍പേഴ്സണ്‍ വി. കെ. വിജയൻ, മനുഷ്യാവകാശ കമ്മീഷന് ജുഡീഷല്‍ അംഗം കെ. ബൈജുനാഥ്, മുഖ്യ വിവരാവകാശ കമ്മീഷണര്‍ വി. ഹരി നായര്‍ തുടങ്ങിയവർ പ്രസംഗിക്കും. പ്രമോദ് നാരായണ്‍ എംഎല്‍എ സമ്മാനദാനം നിര്‍വഹിക്കും.
ആംബുലന്‍സ് സര്‍വീസ്
സംസ്ഥാന ആരോഗ്യവകുപ്പിന്റെയും സേവാഭാരതി ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളുടെയും ആംബുലന്‍സുകള്‍ വള്ളംകളി നടക്കുന്ന പമ്പാനദിയുടെ നെട്ടായത്തിന്റെ ഇരുവശത്തുമുള്ള കരകളില്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ 650 പോലീസ് സേനാംഗങ്ങളുടെ സേവനവും രണ്ട് കരകളിലും ഉണ്ടാകും. പോലീസിലെ അഞ്ച് ലോക്കല്‍ ഡിവൈഎസ്പിമാരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. പോലീസ് സേനയിലെ വിവിധ ബ്രാഞ്ചുകളില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടുന്ന ഉന്നത ഉദ്യോഗസ്ഥരുടെ സേവനവും ക്രമീകരിച്ചിട്ടുണ്ട്.
കേന്ദ്രസേനയും സജ്ജം
ഇദംപ്രഥമായി കേന്ദ്ര ദുരന്തനിവാരണ സേനയായ എന്‍ഡിആര്‍എഫിന്റെ സേവനവും ഈ വര്‍ഷത്തെ വള്ളംകളിയില്‍ ഉറപ്പാക്കിയിട്ടുണ്ട്. 30 സേനാംഗങ്ങളാണ് സേവനത്തിനായി എത്തുന്നത്. ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അഭ്യര്‍ഥനപ്രകാരമാണ് എന്‍ഡിആര്‍എഫ് ഇത്തവണ ആറന്മുളയിൽ എത്തുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞുതന്നെ ഇവര്‍ ആറന്മുളയില് എത്തി ചുമതല ഏറ്റെടുത്തു.
ജലനിരപ്പ് ക്രമീകരിക്കും
ഉത്രട്ടാതി ജലമേള സുഗമമായി നടക്കുന്നതിന് നദിയില്‍ കുറഞ്ഞത് അഞ്ച് അടി വെള്ളമാണ് വേണ്ടത്. ഇന്നലെ മൂന്ന് അടി വെള്ളം ഉണ്ടായിരുന്നു. സുഗമമായ നടത്തിപ്പിനു വേണ്ടി ഒരടി വെള്ളംകൂടി ഉയര്‍ത്തേണ്ട സാഹചര്യമാണുള്ളത്. മണിയാര്‍ ഡാമിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ട്. കാരിക്കയം ഡാമില്‍ നിന്നും ഉത്തൃട്ടാതി ദിവസമായ ഇന്ന് പുലര്‍ച്ചെ നാലിന് വെള്ളം തുറന്നുവിടും. 45 സെന്റിമീറ്റര്‍ വെള്ളം ഉയരേണ്ടതിനാല് വേണ്ടിവന്നാല്‍ മൂഴിയാര്‍ ഡാമില്‍ നിന്നും വെള്ളം ക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ജാഗ്രതാ നിർദേശം
ആറന്മുള ഉത്തൃട്ടാതി ജലമേളയുമായി ബന്ധപ്പെട്ട് പമ്പാനദിയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് കാരിക്കയം ഡാമില്‍ നിന്നും ജലം പുറത്തേക്ക് ഒഴുക്കി വിടുന്നതിനാല്‍ പള്ളിയോടങ്ങൾ, വള്ളങ്ങള്‍, ബോട്ട്, കടത്ത് എന്നിവ പമ്പാനദിയില്‍ ഇറക്കുന്നതിനും ഉപയോഗിക്കുന്നതിനും ജാഗ്രത പുലര്ത്തണമെന്നം സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് അറിയിച്ചു. കക്കട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാർ, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
സുരക്ഷാ സംവിധാനം
മത്സരവള്ളംകളിയുടെ രക്ഷാപ്രവര്‍ത്തനത്തിനായി അഞ്ച് സ്പീഡ് ബോട്ടുകളും, പള്ളിയോടങ്ങളെ ടക് ചെയ്യാവുന്ന ഏഴ് ബോട്ടുകളും, നാല് യമഹാ എൻജിന് ഘടിപ്പിച്ച വള്ളങ്ങളും ഉണ്ടാകും. ഇതുകൂടാതെ 15 മുങ്ങല്‍വിദഗ്ധരും 20 പ്രത്യേക വോളണ്ടിയര്‍മാരും ഉണ്ടാകും. പോലീസ്, അഗ്നിശമനസേന എന്നിവയുടെ സഹായവും നദിയില്‍ ഉണ്ടാകും. പള്ളിയോടസേവാസംഘത്തിന്റെ രക്ഷാപ്രാവര്ത്തനത്തിന്റെ ചുമതല വഹിക്കുന്ന അനൂപ് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ബോട്ടുകളില്‍ പ്രത്യേക പട്രോളിംഗും ക്രമീകരിച്ചിട്ടുണ്ട്.
ഭക്ഷണക്രമീകരണം
ജലമേളയില്‍ പങ്കെടുക്കാനെത്തുന്ന വിഐപികള്‍ക്ക് സത്രത്തിലും പോലീസ്, അഗ്നിശമന സേനാംഗങ്ങള്‍ക്ക് തെക്കേമല സ്കൂളിലും കരനാഥനമാര്ക്കും പള്ളിയോട പ്രതിനിധികള്‍ക്കും ആറന്മുള ഐക്കര ജംഗ്ഷനിലുള്ള ശ്രീകൃഷ്ണ ഓഡിറ്റോറിയത്തിലുമാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്. പടിഞ്ഞാറന്മേഖലയില്നിന്നുള്ള ചെന്നിത്തല പള്ളിയോടത്തിന് ക്ഷേത്രമതിലകത്തും, വന്മഴി, കീഴ് വന്മഴി പള്ളിയോടങ്ങള്‍ക്ക് ആറന്മുള കിഴക്കേ നടയിലുള്ള ഗവണ്മെന്റ് ഹയര്‍സെക്കൻഡറി സ്കൂളിലുമാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്.
മുഖ്യാതിഥികള്‍
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വള്ളംകളിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന മുഖ്യാതിഥികളായ കേന്ദ്രമന്ത്രിമാരും എംപിമാരും ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാരവാഹികളും ഉത്തൃട്ടാതി ജലമേളയില്‍ പങ്കെടുക്കുവാന്‍ കഴിയുകയില്ലെന്ന് മുഖ്യ ചുമതലക്കാരായ പള്ളിയോടസേവാസംഘത്തെ അറിയിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് കെ.വി. സാംബദേവന്‍ പറഞ്ഞു.
ചവിട്ടി തിരിക്കല്‍
പള്ളിയോടങ്ങളുടെ ആകര്‍ഷകമായ രീതിയിലുള്ള ചവിട്ടി തിരിക്കല്‍ കാണുന്നതിന് പ്രത്യേക ക്രമീകരണം ഇത്തവണ ഒരുക്കിയിട്ടുണ്ട്. ബി ബാച്ചില്‍പ്പെട്ട പള്ളിയോടങ്ങളുടെ ജലഘോഷയാത്രയില്‍ പങ്കെടുക്കുന്ന ആദ്യപള്ളിയോടങ്ങള് സത്രപവലിയനില്‍ വന്ന് ചവിട്ടി തിരിക്കുന്ന ആകര്‍ഷകമായ കാഴ്ചയാണ് ക്രമീകരിച്ചിരിക്കുന്നത്
വെറ്റില, പുകയില വഴിപാട്
ഇന്നു നടക്കുന്ന ജലമേളയില്‍ പങ്കെടുക്കുന്ന പള്ളിയോടങ്ങള്‍ക്ക് കരക്കാര് വെറ്റിലയും പാക്കും പുകയിലയും നല്കുന്ന ആചാരപരമായ ചടങ്ങ് ഉണ്ടാകും. ഉത്തൃട്ടാതി ദിനമായതിനാല്‍ ഇന്നും ശ്രീകൃഷ്ണജയന്തിയായ 14നും വഴിപാട് വള്ളസദ്യകള്‍ ഉണ്ടായിരിക്കുകയില്ല. 530 വള്ളസദ്യകള്‍ ബുക്ക് ചെയ്തിരുന്നെങ്കില്‍ 511 വള്ളസദ്യകള്‍ ഇതുവരെ നടന്നുകഴിഞ്ഞു. ഇതൊരു പ്രത്യേകതയാണ്.
കെഎസ്ആര്‍ടിസിയുടെ ടൂര്‍ പാക്കേജുമായി ബന്ധപ്പെട്ട് ഇതേവരെ 12000 ആളുകളാണ് വള്ളസദ്യയില്‍ പങ്കെടുത്തത്. വള്ളസദ്യ കാലായളവില്‍ 400 ഷെഡ്യൂളുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഡിപ്പോകളില്‍ നിന്ന് കെഎസ്ആര്‍ടിസി ആറന്മുളയിലേക്ക് ഓപ്പറേറ്റ് ചെയ്യുന്നത്.
പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍, ഭാരവാഹികളായ പ്രസാദ് ആനന്ദഭവൻ, കെ.എ. സുരേഷ്, രമേശ് മാലിമേൽ, അജയ് ഗോപിനാഥ്, അജി ആര്. നായര്‍ എന്നിവരാണ് ക്രമീകരണങ്ങൾ വിശദീകരിച്ചത്.