കൊച്ചി: എറണാകുളം പറവൂരില്‍ ആശ ബെന്നിയെന്ന വീട്ടമ്മ പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ റിട്ട. പോലീസ് ഉദ്യോഗസ്ഥന് പ്രദീപിന്റെ മകളെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇവരെ പ്രതി ചേര്‍ക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
ആശയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയവരുടെ കൂട്ടത്തില്‍ ദീപയുമുണ്ടായിരുന്നുവെന്നാണ് മൊഴി. റിട്ട: പോലീസ് ഉദ്യോഗസ്ഥന് പ്രദീപിന്റേയും ഭാര്യ ബിന്ദുവിന്റേയും മകള്‍ ദീപയെ ഇന്നലെ ഇവരുടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള കലൂര്‍ കതൃക്കടവിലെ ഇരുചക്രവാഹന ഷോറൂമിലെത്തി പറവൂര്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
രാത്രി വൈകി മജിസ്ട്രേറ്റിന്റെ പ്രത്യേക ഉത്തരവുമായി എത്തിയ പോലീസ് സംഘം യുവതിയെ കസ്റ്റഡിയിലെടുത്ത് പറവൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.അതേസമയം, പ്രദീപും ഭാര്യ ബിന്ദുവും നിലവില്‍ ഒളിവിലാണ്.
പണം കടം നല്കിയവരില് നിന്നുണ്ടായ മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് കോട്ടുവളളി സൗത്ത് റേഷന്‍ കടയ്ക്ക് സമീപം പുളിക്കത്തറ വീട്ടില്‍ ആശ ബെന്നി ജീവനൊടുക്കിയത്. ഓഗസ്റ്റ് 19നായിരുന്നു സംഭവം. അയല്‍വാസിയായ പ്രദീപിന്റേയും ഭാര്യ ബിന്ദുവിന്റേയും പേരുകളാണ് ആശ ബെന്നിയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്.
സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം
മരിച്ച ആശ ബെന്നിയും ആരോപണ വിധേയരായവരും തമ്മിലുള്ള പണമിടപാട് സംബന്ധിച്ച് ദുരൂഹതകള്‍ തുടരുന്നതിനിടെയാണ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രദീപിന്റെ സാമ്പത്തിക ഇടപാടുകളിലും പോലീസ് അന്വേഷണം തുടങ്ങി. ഇയാളുടെ ബാങ്ക് അക്കൗണ്ടുകളില്‍ പോലീസ് പരിശോധന ആരംഭിച്ചു. ആശയുടെ ബാങ്ക് രേഖകളും, മൊബൈല്‍ ഫോണ്‍ അടക്കമുള്ളവയും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.