ന്യൂഡൽഹി: രാജ്യതലസ്ഥാനത്തു പുതിയ പാർലമെന്റ് മന്ദിരം നിർമിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ സെൻട്രൽ വിസ്ത പദ്ധതിക്കു സുപ്രീം കോടതിയുടെ അനുമതി. പദ്ധതിക്കു നൽകിയ പാരിസ്ഥിതിക അനുമതി കോടതി ശരിവച്ചു.
പുതിയ പാർലമെന്റ് മന്ദിരമുൾപ്പെടുന്ന പദ്ധതിയുടെ കടലാസ് ജോലികളുമായി കേന്ദ്ര സർക്കാരിനു മുന്നോട്ടുപോകാമെന്നു സുപ്രീംകോടതി അറിയിച്ചു. പദ്ധതിക്കെതിരായ ഹർജികളിൽ ജസ്റ്റീസ് എ.എം. ഖാൻവിൽകർ അധ്യക്ഷനായ ബെഞ്ചാണു വിധി പറഞ്ഞത്.
ഭൂമിയുടെ വിനിയോഗത്തിൽ വരുത്തിയ മാറ്റവും അംഗീകരിച്ചു. നിർമാണത്തിനിടെയുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം തടയാൻ നടപടി വേണമെന്നും കോടതി നിർദേശിച്ചു.
പദ്ധതിയുടെ ശിലാസ്ഥാപനച്ചടങ്ങു നടത്താൻ സുപ്രീംകോടതി നേരത്തേ അനുമതി നൽകിയിരുന്നു. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണു പദ്ധതി സ്റ്റേ ചെയ്യില്ലെന്നു വ്യക്തമാക്കിയത്. ഡിസംബർ പത്തിനു പ്രധാനമന്ത്രിയാണു ശിലാസ്ഥാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യ ഗേറ്റ് വരെയുള്ള മൂന്നു കിലോമീറ്റർ ഭാഗം പുനർനിർമിച്ചു പുതിയ പാർലമെന്റ് മന്ദിരവും മന്ത്രിമാർക്കുള്ള സെക്രട്ടറിയേറ്റ് കോംപ്ലക്സ്, പ്രധാനമന്ത്രിക്കു പുതിയ വസതി തുടങ്ങി പത്തോളം ബ്ലോക്കുകൾ നിർമിക്കാനുള്ളതാണു സെൻട്രൽ വിസ്ത പദ്ധതി.
2024 ഓടെ പദ്ധതി പൂർത്തിയാക്കുമെന്നാണു കണക്കുകൂട്ടൽ. 20,000 കോടി രൂപയാണു പദ്ധതിക്കായി സർക്കാർ വകയിരുത്തിയിട്ടുള്ളത്.
ദേശീയ ലോക്ക്ഡൗണ്‍, കോവിഡ് ഉയർത്തുന്ന സാന്പത്തിക പ്രതിസന്ധി എന്നിവ കണക്കിലെടുത്തു പദ്ധതി താത്കാലികമായി നിർത്തിവയ്ക്കണമെന്ന് കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെട്ടിരുന്നു.