വാഷിംഗ്ടൺ ഡിസി: 2002ലെ പാർലമെന്റ് ആക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധം ഉണ്ടാകുമെന്ന് അമേരിക്ക ഭയപ്പെട്ടിരുന്നു. മുൻ സിഐഎ ഉദ്യോഗസ്ഥൻ ജോൺ കിരിയാക്കോ ആണ് എഎൻഐക്കു നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധമുണ്ടാകുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്നതായും കിരിയാക്കോ വെളിപ്പെടുത്തി.ഇസ്ലാമാബാദിൽനിന്ന് യുഎസ് പൗരന്മാരെ ഒഴിപ്പിച്ചതായും പാകിസ്ഥാനിൽ സിഐഎയുടെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിരുന്ന കിരിയാക്കോ പറഞ്ഞു. ആ സമയത്ത് യുഎസ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് അൽ ഖ്വയ്ദയിലും അഫ്ഗാനിസ്ഥാനിലുമായിരുന്നെന്നും കിരിയാക്കോ പറഞ്ഞു.
2008ലെ മുംബൈ ഭീകരാക്രമണം ഉൾപ്പെടെയുള്ള സംഭവങ്ങളെക്കുറിച്ചു സംസാരിച്ച അദ്ദേഹം, പാകിസ്ഥാൻ പിന്തുണയുള്ള ഭീകരസംഘടനകളാണ് ഉത്തരവാദികളെന്ന് യുഎസ് ഇന്റലിജൻസ് വിലയിരുത്തിയതായും കിരിയാക്കോ വെളിപ്പെടുത്തി. പാകിസ്ഥാന്റെ ഇരട്ടത്താപ്പും ആഗോളതലത്തിലുള്ള നിഷ്ക്രിയത്വവുമാണ് ഏറ്റവും വലിയ പ്രശ്നം. പാകിസ്ഥാൻ ഇന്ത്യയിൽ ഭീകരവാദം നടത്തുകയായിരുന്നു, ആരും അതിനെതിരേ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയോടു യുദ്ധം ചെയ്താൽ പാകിസ്ഥാൻ പരാജയപ്പെടുമെന്ന് കിരിയാക്കോ മുന്നറിയിപ്പ് നൽകുകയും ഭീകരവാദവും ഏറ്റുമുട്ടലും ഉപേക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യക്കാരെ നിരന്തരം പ്രകോപിപ്പിക്കുന്നതിൽ പ്രയോജനമില്ലെന്നും കിരിയാക്കോ പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വരെ കിരിയാക്കോ എടുത്തുപറഞ്ഞു.ആണവ ഭീഷണി, അതിർത്തികടന്നുള്ള ഭീകരപ്രവർത്തനങ്ങൾ തുടങ്ങിയവ ഇന്ത്യ വച്ചുപൊറുപ്പിക്കില്ലെന്ന് തെളിയിച്ചിട്ടുണ്ടെന്നും മുൻ സിഐഎ ഉദ്യോഗസ്ഥൻ പറഞ്ഞു.

