തത്തമ്മേ പൂച്ച പൂച്ച എന്ന് പറഞ്ഞുകൊണ്ട് ചാടി വരുന്ന നല്ല പച്ച നിറത്തിലുള്ള തത്തയെ കാണാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്. മനുഷ്യനെപ്പോലെ അവയും സംസാരിക്കുന്നത് കേൾക്കാൻ അതിലും മനോഹരമാണ്. പണ്ടൊക്കെ മിക്ക വീടുകളിലും തത്തയെ വളർത്തുമായിരുന്നു. എന്നാൽ 1972ലെ വനം – വന്യജീവി നിയമപ്രകാരം റോസ് റിംഗ്ഡ് തത്തകളെ കൂട്ടിലടയ്ക്കുന്നതു വിലക്കിയിട്ടുണ്ട്.
ഇപ്പോഴിതാ 139 തത്തകളെ വിൽപ്പനക്ക് കൊണ്ടുവന്ന മൂന്നു തമിഴ് സ്ത്രീകളെ വനംവകുപ്പ് പിടികൂടിയെന്ന വാർത്തയാണ് പുറത്ത് വരുന്നത്. തോപ്രാംകുടി പ്രകാശ് ഭാഗത്തു നിന്നാണ് തത്തയെ വിൽപ്പനയ്ക്കെത്തിച്ചലർ പിടിയിലായത്.
ഇടുക്കി ഫ്ളയിംഗ് സ്ക്വാഡ് ഡിഎഫ്ഒയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ഫ്ളയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് തത്തപിടിത്തക്കാർ കുടുങ്ങിയത്.
1972ലെ വനം – വന്യജീവി നിയമപ്രകാരം കൂട്ടിലടയ്ക്കുന്നതു വിലക്കിയിട്ടുള്ള റോസ് റിംഗ്ഡ് തത്തകളെ പിടികൂടി വിൽപ്പന നടത്തിയതിനാണ് തമിഴ്നാട് സ്വദേശികളായ ജയവീരൻ, ഇലവഞ്ചി, ഉഷ ചന്ദ്രശേഖരൻ എന്നിവരെ വനം ഉദ്യാഗസ്ഥർ പിടികൂടിയത്.
ഇവരിൽനിന്നു കൂട്ടിലടച്ച 139 തത്തകളെയും വിൽപ്പനക്ക് ഉപയോഗിക്കുന്നതിനായി കരുതിയിരുന്ന പേപ്പർ കൂടുകളും പിടിച്ചെടുത്തു. തുടർ അന്വേഷണത്തിനും നടപടികൾക്കുമായി അയ്യപ്പൻകോവിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്കു കേസ് കൈമാറി. ഏതാനും നാളുകളായി ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ തത്തകളെ വിൽപ്പന നടത്തിയിട്ടുണ്ട്.