കോഴഞ്ചേരി: ബസിന്റെ നിയന്ത്രണവും ഇനി സിന്ധുവിന്റെ കൈകളില്‍. ഇത്രയും കാലം പത്തനംതിട്ടയിലെ കെഎസ്ആര്‍ടിസി കണ്ടക്ടറെന്ന നിലയില്‍ യാത്രക്കാര്‍ക്കു പ്രിയങ്കരിയായിരുന്ന വി.എസ്. സിന്ധു ബസിന്റെ വളയം പിടിക്കാനും യോഗ്യത നേടി. പത്തനംതിട്ട ജില്ലയിലെ ആദ്യ വനിതാ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലെ നിയമന ഉത്തരവിനു കാത്തിരിക്കുകയാണിപ്പോള്‍.
പുല്ലാട് വരയന്നൂര്‍ തകിടിയില്‍ വി.എസ്. സിന്ധു (50) 2010 മേയ് 26-നാണ് കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായി ജോലിയില്‍ പ്രവേശിച്ചത്. പത്തനംതിട്ട – തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ ഷെഡ്യൂളുകളിലായിരുന്നു ഏറെയും ജോലി. ജോലിക്കിടെ തോന്നിയ ഒരു ആഗ്രഹം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണിപ്പോള്‍.
കഴിഞ്ഞ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വനിതകളെയും കൊണ്ട് വാഗമണ്ണിലേക്ക് പോയ പ്രത്യേക ബസിലെ കണ്ടക്ടറായിരുന്ന സിന്ധുവിന് അടുത്ത വനിതാ ദിനത്തില്‍ താന്‍ തന്നെ വാഹനം ഓടിക്കണമെന്ന ദൃഢനിശ്ചയമാണ് ഹെവി ട്രാന്‍സ്പോര്‍ട്ട് ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാന്‍ കാരണമായത്.
കെഎസ്ആര്‍ടിസിയുടെ മാവേലിക്കരയിലുളള റീജണല്‍ വര്‍ക്ക് ഷോപ്പിലെ ഡ്രൈവിംഗ് സ്കൂളിലെ ആദ്യബാച്ചില്‍ 11 പേര്‍ക്കായിരുന്നു പ്രവേശനം ലഭിച്ചത്. ഇതില്‍ നാലുപേര്‍ വനിതകളായിരുന്നു. ഇതില്‍ കെഎസ്ആര്‍ടിസിയില്‍നിന്നു സിന്ധുമാത്രമാണുണ്ടായിരുന്നത്. കാര്‍ ഡ്രൈവിംഗ് അറിയാമായിരുന്നതുകൊണ്ട് ഹെവി ലൈസന്‍സ് പരിശീലനവും എളുപ്പമായിരുന്നുവെന്ന് സിന്ധു പറഞ്ഞു. ബാച്ചിലെ ഏറ്റവും സീനിയറും സിന്ധുവായിരുന്നു.
തിയറി ക്ലാസുകള്‍ ഉള്‍പ്പെടെ ഒരു മാസത്തെ പരിശീലനത്തിനുശേഷമാണ് ലൈസന്‍സ് ലഭിച്ചത്. തിയറി ക്ലാസിനോടൊപ്പം പ്രാക്ടിക്കല്‍ സെക്ഷനും യോജിപ്പിച്ചാണ് ക്ലാസുകള്‍ നടത്തിയിരുന്നത്. കഴിഞ്ഞ ജൂലൈ രണ്ടിനായിരുന്നു പരിശീലനം ആരംഭിച്ചത്. ബസിന്റെ വലിപ്പം, റോഡിലെ വാഹനനിയന്ത്രണം തുടങ്ങിയ തിയറി ക്ലാസുകളും ഓരോ വിദ്യാര്‍ഥിയും എല്ലാ ദിവസവും അരമണിക്കൂര്‍ വീതം വാഹനം ഓടിച്ചും അപാകതകള്‍ ചൂണ്ടിക്കാട്ടിയുമായിരുന്നു പരിശീലനം.
ഡ്രൈവിംഗ് സ്കൂളിലെ സീനിയര്‍ ഇന്‍സ്ട്രക്ടറായ കെ.ജെ. ചാക്കോയുടെ നിര്‍ദേശങ്ങള്‍ ഡ്രൈവിംഗ് പരിശീലനത്തില്‍ ഏറെ സഹായം ചെയ്തുവെന്ന് സിന്ധു പറഞ്ഞു. ഭര്‍ത്താവ് ടി.കെ. സുരേഷ് മൂന്നാര്‍ ചിന്നക്കനാല്‍ വെബ്കോയിലെ ഉദ്യോഗസ്ഥനാണ്. കുറിയന്നൂര്‍ ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ ശ്രീഹരിക സുരേഷും ആറാം ക്ലസ് വിദ്യാര്‍ഥി ദേവദത്തന് സുരേഷുമാണ് മക്കള്‍.
ഡ്രൈവര്‍ കം കണ്ടക്ടര്‍ അഥവാ ഡിസി എന്ന തസ്തികയില്‍ എത്തുന്ന പത്തനംതിട്ട ജില്ലയിലെ ആദ്യ കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടറെന്ന ഖ്യാതിയും ഇനി സിന്ധുവിന് സ്വന്തം. ഹെവി ട്രാന്‍സ്പോര്‍ട്ട് ലൈസന്‍സ് കെഎസ്ആര്‍ടിസിക്ക് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ഈ തസ്തികയില്‍ നിയമനമാകും. ഒരു ദിവസം ഡ്രൈവര്‍ വന്നില്ലെങ്കിലും ട്രിപ്പ് മുടങ്ങരുതെന്ന കാഴ്ചപ്പാടിലാണ് ഈ തസ്തിക സൃഷ്ടിച്ചിരിക്കുന്നത്. ദീര്‍ഘദൂര സ്വിഫ്റ്റ് ബസുകളില്‍ ഇത്തരക്കാരെയാണ് നിയമിക്കുന്നത്.
സതീഷ് കുമാര്‍