കണ്ണൂർ: ദിവസങ്ങളായി തുടരുന്ന കാറ്റിലും മഴയിലും ജില്ലയിൽ വ്യാപക നാശനഷ്ടം. നിരവധി സ്ഥലങ്ങളിൽ മരം പൊട്ടിവീണ് വീടുകൾക്കും കൃഷിക്കും നാശം സംഭവിച്ചു. കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി വൈദ്യുത ലൈനിൽ വീണതിനാൽ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടതിനെത്തുടർന്ന് ജില്ല ഇന്നലെ ഇരുട്ടിലായിരുന്നു. രാവിലെ മുതൽ വൈദ്യുതി ഇല്ലാത്തതിനെത്തുടർന്ന് മൊബൈൽ ഫോണുകളിൽ ചാർജുകൾ തീർന്ന് ഓഫായി.
രാത്രിയിൽ വീശിയടിച്ച കാറ്റിൽ ചേലോറയിൽ മരങ്ങൾ കടപുഴകിവീണു. തലശേരിയിൽ നാലാം മൈലിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സ് എത്തി മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. നഗരത്തിന്റെ വിവിധഭാഗങ്ങളിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളും മറ്റും തകർന്നു വീണു. വലിയന്നൂരിൽ മണ്ണിടിച്ചിൽ ഉണ്ടായി. എളയാവൂരിൽ വീടിന്റെ മേൽകൂര തകർന്നു. മലയോരമേഖലയിലടക്കം നിരവധി വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.
ദിസങ്ങളായുള്ള മഴയിൽ കണ്ണൂർ നഗരത്തിൽ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.പഴയ ബസ് സ്റ്റാൻഡ്, മുനീശ്വരൻ കോവിൽ, റെയിൽവേ സ്റ്റേഷന് സമീപം തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. പുഴകളെല്ലാം കരകവിഞ്ഞ് ഒഴുകിയതോടെ പല സ്ഥലങ്ങളിലും പുഴയോരത്ത് താമസിക്കുന്നവരെ മാറ്റി താമസിപ്പിച്ചു. ജാഗ്രതാ നിർദേശവും അധികൃതർ നല്കുന്നുണ്ട്.
പഴശി അണക്കെട്ടിൽ ജല നിരപ്പ് ഉയർന്നതോടെ 13 ഷെട്ടറുകൾ ഇന്ന് രാവിലെ തുറന്നു. ഇന്നലെ വൈകുന്നേരം വരെ ജില്ലയിൽ 30 വീടുകളാണ് ഭാഗികമായി തകർന്നത്.കടലേറ്റവും തിരമാലകൾ ഉയരുന്നതും തീരദേശത്തുള്ളവരെ കനത്ത ആശങ്കയിലാഴ്ത്തി.കനത്ത കാറ്റിൽ ജില്ലയിൽ കാർഷിക വിളകൾക്കും വ്യാപകമായ നാശനഷ്ടമാണുണ്ടായത്. ദേശീയപാതയടക്കം വിവിധ റോഡുകളും തകർന്നു.