മുംബൈ: വിവാഹവാഗ്ദാനം നല്കി സ്ത്രീയെ എട്ടുവര്‍ഷത്തോളം നിരന്തരം പീഡിപ്പിച്ചെന്ന കേസില്‍ 49കാരനെ കോടതി വെറുതെവിട്ടു.
സംശയാതീതമായി കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് താനെ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പ്രതിയെ കുറ്റവിമുക്തനാക്കിയത്.
2022 മാര്‍ച്ചിലാണ് സ്ത്രീയുടെ പരാതിയില്‍ സോലാപുര്‍ സ്വദേശിയായ 49കാരനെതിരേ പോലീസ് കേസെടുത്തത്. 2012 ജൂലൈ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള കാലയളവില്‍ വിവാഹവാഗ്ദാനം നല്കി നിരന്തരം പീഡിപ്പിച്ചെന്നും അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്നുമായിരുന്നു സ്ത്രീയുടെ പരാതി. രണ്ടുകുട്ടികളുടെ അമ്മയായ പരാതിക്കാരിയുടെ ഭര്‍ത്താവ് 2007ല്‍ മരിച്ചിരുന്നു. 2012 ജൂലൈയില്‍ തന്റെ സഹോദരിയുടെ മകളുടെ വിവാഹനിശ്ചയ ചടങ്ങില്‍വച്ചാണ് പരാതിക്കാരിയും പ്രതിയും പരിചയപ്പെട്ടത്.
പിറ്റേദിവസം പ്രതി പരാതിക്കാരിയെ ഫോണില്‍ വിളിക്കുകയും ഇരുവരും പുനെ റെയില്‍വേ സ്റ്റേഷനില്‍വെച്ച് കണ്ടുമുട്ടുകയുംചെയ്തു. പിന്നാലെ സമീപത്തെ ലോഡ്ജിലെത്തിച്ച് വിവാഹവാഗ്ദാനം നല്കി പ്രതി പീഡിപ്പിച്ചെന്നും തനിക്കും കുട്ടികള്‍ക്കും സാമ്പത്തികമായ പിന്തുണ നല്‍കാമെന്ന് വാഗ്ദാനംചെയ്തെന്നുമായിരുന്നു സ്ത്രീയുടെ പരാതി.
2014ല്‍ കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യങ്ങളടക്കം പറഞ്ഞ് പ്രതിയുടെ ആവശ്യപ്രകാരം താനെയിലേക്ക് താമസം മാറ്റി. താനെയിലെ വീട്ടില്‍വച്ച് നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു.അതേസമയം, പ്രോസിക്യൂഷന് കേസില്‍ ഒട്ടേറെ പിഴവുകളുണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
പരാതിക്കാരി പ്രായപൂര്‍ത്തിയായ ആളാണെന്നും പ്രതിയുമായി ഒരുപതിറ്റാണ്ടോളം കാലം സ്വമേധയാ ശാരീരികബന്ധം പുലര്‍ത്തിയെന്നും അതുവരെ യാതൊരും എതിര്‍പ്പും പ്രകടിപ്പിച്ചില്ലെന്നും കോടതി പറഞ്ഞു.പരാതിക്കാരിക്ക് എന്തെങ്കിലും അതിക്രമം നേരിട്ടെങ്കില്‍ എന്തുകൊണ്ടാണ് അത് പരാതിപ്പെടാന്‍ പത്തുവര്‍ഷം കാത്തിരുന്നതെന്നും കോടതി ചോദിച്ചു.