മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും 50 പവനും അരലക്ഷവും കവര്‍ന്ന ശേഷം കത്തെഴുതി വച്ച് രക്ഷപ്പെട്ട് കള്ളന്‍ ! ഇയാളെ ഓടിച്ചിട്ട് പിടിച്ച് നാട്ടിലെ ചുണക്കുട്ടന്മാര്‍…

പരവൂരിലെ ദയാബ്ദ്ജി ജംഗ്ഷനില്‍ താമസിക്കുന്ന പ്രവാസിയായ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും 50 പവനും അരലക്ഷം രൂപയും മോഷ്ടിച്ച ശേഷം കത്തെഴുതി വച്ചിട്ട് രക്ഷപെട്ട കള്ളനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പൊലീസിന്റെയും നാട്ടുകാരുടെയും ഉറക്കംകെടുത്തിയ മൊട്ട ജോസിനെയാണ് കഴിഞ്ഞ ദിവസം രാത്രി കൊല്ലം കല്ലുംകുന്ന് ഭാഗത്ത് നിന്ന് യുവാക്കാള്‍ ഓടിച്ചിട്ട് പിടികൂടിയത്.

യുവാക്കളെ കണ്ട് ഇയാള്‍ ഓടിരക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സ്ഥലത്ത് മോഷണം പതിവായതോടെ നാട്ടുകാര്‍ കള്ളനെ പിടികൂടാന്‍ സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. പിടികൂടിയപ്പോള്‍ ജോസിന്റെ കയ്യില്‍ ആഭരണങ്ങളുണ്ടായിരുന്നു. ഗള്‍ഫില്‍ നിന്നെത്തിയ മോഹന്‍ലാല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ കുടുംബാംഗങ്ങളുള്‍പ്പെടെ വീട്ടില്‍ ഇല്ലായിരുന്നു. ഈ തക്കത്തിനാണു മൊട്ട ജോസ് കവര്‍ച്ച നടത്തിയത്. വിരലടയാളവും മോഷണരീതിയും വച്ചു കവര്‍ച്ചയ്ക്കു പിന്നില്‍ ജോസ് ആണെന്നു പൊലീസ് തിരിച്ചറിഞ്ഞിരുന്നു.

പ്രദേശമാകെ അരിച്ചു പെറുക്കിയെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് തിരച്ചില്‍ നോട്ടീസും പുറപ്പെടുവിച്ചു. പൊലീസ് ഇയാള്‍ക്കായി പരക്കം പായുമ്പോള്‍, രണ്ട് കിലോമീറ്റര്‍ അകലെ കല്ലുകുന്ന് അനുഗ്രഹയില്‍ ശ്രീകുമാറിന്റെ വീട്ടില്‍ ജോസ് സുഖമായി ഇരിക്കുകയായിരുന്നു. റെയില്‍വേ ഉദ്യോഗസ്ഥനായ ശ്രീകുമാര്‍ കുടുംബസമേതം ചെന്നൈയിലാണു താമസം. മാസത്തിലൊരിക്കലേ നാട്ടിലെത്തൂ. ഈ വീട്ടില്‍ താമസിച്ചാണു ജോസ് മോഹന്‍ലാലിന്റെ വീട്ടിലെ കവര്‍ച്ച ആസൂത്രണം ചെയ്തതെന്നാണു സംശയം. ശ്രീകുമാറിന്റെ വീട്ടില്‍ കത്തും എഴുതി വെച്ച ശേഷമാണ് ജോസ് രക്ഷപെട്ടത്.

‘നിങ്ങള്‍ അടുത്ത പ്രാവശ്യം പോകുമ്പോള്‍ എനിക്ക് ഇവിടെ പൈസയും സ്വര്‍ണവും വച്ചേക്കണം. ഇല്ലെങ്കില്‍ ഞാന്‍ ഇനിയും ഇവിടെ കയറും. നിങ്ങള്‍ വീടു പൂട്ടി പോ, ഗേറ്റ് പൂട്ടി പോ എന്ന് കള്ളന്‍ എന്നായിരുന്നു കുറിപ്പില്‍ പറഞ്ഞിരുന്നത്. കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇയാളെ പിടിക്കാന്‍ പരക്കം പായുകയായിരുന്നു പൊലീസ്. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ജോസ് കല്ലുംകുന്ന് പ്രദേശത്ത് ഉണ്ടെന്നു പൊലീസിനു വിവരം കിട്ടിയത്. പൊലീസ് വീടു വളഞ്ഞെങ്കിലും ജോസ് രക്ഷപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെ പലവഴിക്ക് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. വീട് തുറന്ന് അകത്തു കയറി നോക്കിയപ്പോഴാണു മൊട്ട ജോസ് അവിടെ കഴിഞ്ഞെന്ന് മനസിലായത്. അലമാരകള്‍ കുത്തിപ്പൊളിച്ചു സാധനങ്ങള്‍ വാരിവലിച്ചിട്ടിരുന്നു.

അടുക്കളയില്‍ ആഹാരം പാകം ചെയ്തു കഴിച്ച ശേഷം പാത്രങ്ങള്‍ അങ്ങിങ്ങ് ഉപേക്ഷിച്ചിരുന്നു. പൊറോട്ടയും ഇറച്ചിയും മുന്തിരിയും വാങ്ങിക്കൊണ്ടുവന്നു കഴിച്ചതിന്റെ അവശിഷ്ടങ്ങളും കണ്ടു. സോഫയില്‍ മലമൂത്ര വിസര്‍ജനം നടത്തി. അലമാരയില്‍ നിന്നു മുണ്ടും ഷര്‍ട്ടും എടുത്തു ധരിച്ച ശേഷം അവ കഴുകി മുറിയില്‍ ഉണങ്ങാന്‍ വിരിച്ചിട്ടുണ്ട്. സമീപത്തെ വീട്ടില്‍ നിന്നു മോഷണം പോയെന്നു സംശയിക്കുന്ന നാണയങ്ങളും കണ്ടെടുത്തിട്ടുണ്ട്. മോഷണത്തിന് കയറിയ വീട്ടില്‍ നിന്ന് ഒന്നും കിട്ടതായതോടെ വീട്ടുകാര്‍ക്ക് കത്തെഴുതി വയ്ക്കുകയായിരുന്നു. വിരലടയാള വിദഗ്ധരും പൊലീസും പരിശോധന നടത്തുമ്പോഴും ജോസിനെ പ്രദേശത്തു കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു.

Related posts