ചെറുതോണി: കൊള്ളയും കൊള്ളിവയ്പും നടത്തുന്ന മകളെയും മിത്രങ്ങളെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നു കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം കെ.സി. ജോസഫ്.
അഴിമതിക്ക് കുടപിടിക്കുന്ന പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തിൽ ഇടുക്കി താലൂക്ക് ഓഫീസിലേക്കു നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കരിമണൽ കമ്പനിയിൽനിന്നു കോടിക്കണക്കിനു രൂപ മാസപ്പടി വാങ്ങിയ കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ കുറ്റക്കാരിയാണെന്ന് വിവിധ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. ഏബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി ഹൈക്കോടതിതന്നെ കണ്ടെത്തി.
ആർഎസ്എസ് നേതാക്കളുമായി രഹസ്യ ചർച്ച നടത്തി സിപിഎം-ബിജെപി ബന്ധം ഊട്ടിയുറപ്പിച്ച എഡിജിപി എം.ആർ. അജിത്കുമാറിനെ ചേർത്തുനിർത്തി ഡിജിപി ആക്കാനുള്ള കഠിനശ്രമത്തിലാണു പിണറായിയെന്നും കെ.സി. ജോസഫ് ആരോപിച്ചു.
ഡിസിസി പ്രസിഡന്റ്് സി.പി. മാത്യു അധ്യക്ഷത വഹിച്ചു. കെപിസിസി ജന. സെക്രട്ടറി അഡ്വ. എസ്. അശോകൻ, നേതാക്കളായ ഇ.എം. ആഗസ്തി, റോയി കെ. പൗലോസ്, എ.കെ. മണി, ജോയി വെട്ടിക്കുഴി, തോമസ് രാജൻ, എം.എൻ. ഗോപി, എ.പി. ഉസ്മാൻ, എം.കെ. പുരുഷോത്തമൻ, ജോർജ് ജോസഫ് പടവൻ തുടങ്ങിയവർ പ്രസംഗിച്ചു.