കണ്ണൂർ: പോലീസുകാർ ഉപയോഗിക്കുന്നതും അംഗമായിട്ടുള്ളതുമായ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളുടെ വിവരങ്ങൾ ഈ മാസം പത്തിനുള്ളിൽ നല്കണമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് ജില്ലാ പോലീസ് മേധാവികളുടെ നിർദേശം. സിവിൽ പോലീസ് ഓഫീസർ മുതൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർവരെയുള്ളവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്.
ഡിവൈഎസ്പി റാങ്ക് മുതൽ മുകളിലോട്ടുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്ന കാര്യം നിലവിൽ പറഞ്ഞിട്ടില്ല. പോലീസുകാർ ഗൂഗിൾ ഫോമിലൂടെയാണ് വിവരങ്ങൾ കൈമാറേണ്ടത്. ഇതിനായി, തയാറാക്കിയ ഗൂഗിൾ ഫോം പോലീസുകാർക്ക് അയച്ചുകൊടുത്തിട്ടുണ്ട്.
ഏതൊക്കെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമാണ് ഉപയോഗിക്കുന്നത്, ഏതൊക്കെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ അംഗമാണ് എന്ന കാര്യം ഗൂഗിൾ ഫോമിൽ വ്യക്തമാക്കണം. നല്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഗൂഗിൾ ഫോമിലൂടെ സാക്ഷ്യപ്പെടുത്തുകയും വേണം.
അതാത് പോലീസ് സ്റ്റേഷനുകളിൽ പോലീസുകാർ നല്കുന്ന വിവരങ്ങൾ പ്രിന്റ് എടുത്ത് സൂക്ഷിക്കുകയും വേണം. നിലവിൽ നല്കുന്ന വിവരങ്ങൾ തെറ്റാണെങ്കിൽ പോലീസുകാർക്കെതിരേ നടപടിയെടുക്കാനാണ് നീക്കം. എന്നാൽ, തങ്ങളുടെ സ്വകാര്യത ലംഘിക്കുന്നതാണ് നിലവിലുള്ള നീക്കമെന്നാണ് പോലീസുകാരിൽ ഒരു വിഭാഗം ആരോപിക്കുന്നത്.
- റെനീഷ് മാത്യു