ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഹോദരങ്ങൾക്ക് റോഡിൽനിന്ന് കിട്ടിയ 23,500 രൂപ അവകാശിക്ക് തിരികെ നൽകി മാതൃകയായി.
ചേർത്തല നഗരസഭ 20-ാം വാർഡ് തെന്നടിയിൽ ജയറാമിന്റെ മക്കളായ ജയേഷും ജയലക്ഷ്മിയുമാണ് പണം തിരികെ നൽകി മാതൃകയായത്. എഐവൈഎഫ് നേതാവും ചേർത്തല മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് കമ്പനിയിലെ യൂണിറ്റ് മാനേജരുമായ വയലാർ നാഗംകുളങ്ങര പുതുവൽ നികർത്ത് ഗിരീഷ്കുമാറിന്റെ കൈവശമുണ്ടായിരുന്ന പണമാണ് നഷ്ടപ്പെട്ടത്.
ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് പണം നഷ്ടപ്പെട്ടത്. കണിച്ചുകുളങ്ങര യൂണിറ്റിലെ തൊഴിലാളികൾക്ക് കൂലികൊടുക്കുന്നതിനായി പോകുന്നതിനിടെ ചേർത്തല ആഞ്ഞിലി പാലത്തിനു സമീപം പുരുഷൻകവലയ്ക്ക് തെക്ക് ഭാഗത്തുവച്ചാണ് പണം നഷ്ടപ്പെട്ടത്.
ബൈക്കിന്റെ ബോക്സിൽ സൂക്ഷിച്ചിരുന്ന 80,000 രൂപയിൽ അഞ്ഞൂറിന്റെ 47 നോട്ടുകളാണ് തെറിച്ച് റോഡിൽ വീണത്. ഈ സമയം ഇതുവഴി വന്ന സഹോദരങ്ങൾക്ക് ലഭിച്ച തുക ചേർത്തല പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പണം നഷ്ടപ്പെട്ട വിവരം ഫേസ്ബുക്കിൽ ഗിരീഷ് ഇട്ടിരുന്നു. പണം ചേർത്തല പോലീസിൽ നൽകിയതായി ജയേഷിന്റെ സുഹൃത്തുക്കളും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. വിവരം അറിഞ്ഞ ഗിരീഷ് ചേർത്തല പോലീസുമായി ബന്ധപ്പെട്ട് ചേർത്തല സിഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ സഹോദരങ്ങളെ വിളിച്ചുവരുത്തി പണം ഉടമയ്ക്കു കൈമാറുകയായിരുന്നു.

