കോട്ടയം: കേരള സന്ദര്‍ശനത്തിനെത്തുന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മു 23ന് രാത്രി കുമരകം താജ് ഹോട്ടലില്‍ താമസിക്കും. നൃത്താവതരണത്തോടെയായിരിക്കും പ്രഥമ പൗരനെ താജ് വരവേല്‍ക്കുക. 22ന് ഉച്ചയ്ക്ക് നെടുമ്പാശേരിയിലെത്തുന്ന രാഷ്ട്രപതി ഹെലികോപ്ടറില്‍ നിലയ്ക്കലിലേക്കും തുടര്‍ന്ന് കാറില്‍ പമ്പയിലേക്കും പോകും.
ട്രോളിയില്‍ നാലോടെ ശബരിമലയിലെത്തും. ഇരുമുടിയേന്തി പതിനെട്ടാം പടി കയറി സന്നിധാനത്തെത്തും. വൈകുന്നേരം നട തുറക്കുമ്പോള്‍ അയ്യനെ തൊഴുതശേഷം ഉപക്ഷേത്രങ്ങളും സന്ദര്‍ശിക്കും. വൈകുന്നേരം നടയിറങ്ങി ട്രോളിയില്‍ പമ്പയിലും തുടര്‍ന്ന് കാറിലും നിലയ്ക്കലിലെത്തും. തുടര്‍ന്ന് ഹെലികോപ്ടറില്‍ തിരുവനന്തപുരത്ത് രാജ്ഭവനിലേക്കു പോകും.
രാജ് ഭവനില്‍ ഗവര്‍ണര്‍ വിശ്വനാഥ് അര്‍ലേക്കര്‍ അത്താഴവിരുന്നു നല്‍കും. 23ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഹെലികോപ്ടറില്‍ പുറപ്പെട്ട് പാലാ സെന്റ് തോമസ് കോളജിലെത്തി നാലിനു പ്ലാറ്റിനം ജൂബിലി സമാപനസമ്മേളത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
അഞ്ചിന് പാലായില്‍നിന്ന് ഹെലികോപ്ടറില്‍ പുറപ്പെട്ട് 5.30ന് കോട്ടയം പോലീസ് പരേഡ് മൈതാനത്ത് എത്തും. തുടര്‍ന്ന് കാറില്‍ കുമരകം താജ് ഹോട്ടലിലെത്തി അവിടെ ചെലവഴിക്കും. 24ന് രാവിലെ അര മണിക്കൂര്‍ കായല്‍ക്കാഴ്ചയും ബോട്ടിംഗും ക്രമീകരിക്കുന്നുണ്ട്. രാവിലെ 10ന് കുമരകത്തുനിന്നും കാറില്‍ കോട്ടയം ഹെലിപാഡിലെത്തി ഹെലികോപ്ടറില്‍ കൊച്ചിയിലേക്കും 11നു പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്കും പോകും.
താജ് ഹോട്ടലില്‍ കായല്‍സൗന്ദര്യം ആസ്വദിക്കാന്‍ പാകത്തില്‍ 24-ാം നമ്പര്‍ മുറിയാണ് രാഷ്ട്രപതിക്കായി ഒരുക്കുന്നത്. രാഷ്ട്രപതിയോടൊപ്പം ഡല്‍ഹിയില്‍ നിന്നെത്തുന്ന സംഘവും ഇവിടെ താമസിക്കും. കേരളത്തില്‍നിന്നുള്ള വിവിധ ഉദ്യോഗസ്ഥര്‍ക്ക് സമീപത്തെ ഹോട്ടലുകളിലും റിസോര്ട്ടുകളിലുമാണു താമസം ക്രമീകരിക്കുന്നത്.
മുന്‍ രാഷ്ട്രപതിമാരായ കെ.ആര്. നാരായണന്, പ്രതിഭ പാട്ടീല്‍, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ താജില്‍ അതിഥികളായി എത്തിയിട്ടുണ്ട്. മുന്‍ഗാമികളുടെ പതിവനുസരിച്ച് ടാജില്‍ രാഷ്ട്രപതി മുര്‍മുവും വൃക്ഷത്തൈ നടും.