രാഷ്ട്രപതിയുടെ പാലാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഗതാഗത ക്രമീകരണങ്ങള്‍ ഭേദിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ച യുവാക്കള്‍ പിടിയില്‍. കടപ്ലാമറ്റം സ്വദേശി ജിഷ്ണു സതീഷ് (21), കിടങ്ങൂര്‍ സ്വദേശി സതീഷ് (26), കോതനല്ലൂര്‍ സ്വദേശി സന്തോഷ് (40) എന്നിവരെയാണു പാലാ പോലീസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.
പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുത്തുകൊണ്ടിരിക്കെയാണ് മൂവരും സുരക്ഷാമേഖലയില്‍ പോലീസിനെ വെട്ടിച്ചു ബൈക്ക് യാത്ര നടത്തിയത്.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി 23ന് ഉച്ചകഴിഞ്ഞ് ഒന്നുമുതല്‍ പാലാ കൊട്ടാരമറ്റം മുതല്‍ പുലിയന്നൂര്‍ ജംഗ്ഷന്‍വരെ വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചിരുന്നു.

വാഹനങ്ങള്‍ക്കു പ്രവേശനമില്ലാത്ത റോഡിലൂടെ നിയന്ത്രണം മറികടന്ന് ബൈക്കിലെത്തിയ മൂവരെയും പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ വെട്ടിച്ച് കോട്ടയം ഭാഗത്തേക്ക് കടന്നുകളയുകയായിരുന്നു. ഇവരില്‍ രണ്ടുപേര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല.
കെഎല്‍ 06 ജെ 6920 എന്ന നമ്പരാണ് ഇരുചക്രവാഹനത്തില്‍ കാണിക്കുന്നത്. അന്നേദിവസം ഉച്ചയ്ക്ക് ഒന്നുമുതല്‍ സുരക്ഷയ്ക്കായി ഈ മേഖലയില്‍ ആംബുലന്‍സും പ്രത്യേക പാസുകളുള്ള വാഹനങ്ങളും ഒഴികെ മറ്റൊരു വാഹനവും കടത്തിവിടാത്തപ്പോഴാണ് ഇരുചക്രവാഹനത്തില്‍ മൂന്നു യുവാക്കള്‍ പോലീസിന്റെ മുന്നിലൂടെ കൂസലില്ലാതെ സഞ്ചാരം നടത്തിയത്.

