പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുര്‍മു ബുധനാഴ്ച ശബരിമല ദര്‍ശനത്തിനെത്തുന്ന പശ്ചാത്തലത്തില്‍ സുരക്ഷ മുന്നൊരുക്കങ്ങള്‍ തുടങ്ങി. നാളെ മുതല്‍ അയ്യപ്പഭക്തര്‍ക്കു ദര്‍ശനത്തിനു നിയന്ത്രണങ്ങളുണ്ട്.
നാളത്തെ വെര്‍ച്വല്‍ ക്യൂവില്‍ ബുക്കിംഗ് 12500 ആയി നിജപ്പെടുത്തി. ബുധനാഴ്ചയും നിയന്ത്രണങ്ങളുണ്ട്. ദേശീയ സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ ശബരിമലയിലെത്തി. നാളെ മുതല്‍ സുരക്ഷാചുമതല അവരുടെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലും കേന്ദ്രസേനയുടെ ചുമതലയിലാണ സുരക്ഷാ സംവിധാനങ്ങള്‍.
ബുധനാഴ്ച രാവിലെ 10.20ന് ഹെലികോപ്ടറില്‍ നിലയ്ക്കല്‍ ഹെലിപ്പാഡില്‍ ഇറങ്ങി അവിടെനിന്നു റോഡ്മാര്‍ഗം പമ്പയില്‍ എത്തി പ്രത്യേക വാഹനത്തില്‍ സന്നിധാനത്തേക്കു പുറപ്പെടും. ഉച്ചപൂജ ദര്‍ശനത്തിനുശേഷം സന്നിധാനം ഗസ്റ്റ് ഹൗസില്‍ വിശ്രമം, മൂന്നിനു സന്നിധാനത്തു നിന്നു മടങ്ങും.
4.10ന് നിലയ്ക്കലില്‍ എത്തി ഹെലികോപ്ടറില്‍ തിരുവനനന്തപുരത്തേക്കു മടങ്ങും.പുതിയ ഫോര്‍വീല്‍ ഡ്രൈവ് ഗൂര്‍ഖ എമര്‍ജന്‍സി പ്രത്യേക വാഹനത്തിലാണ് പമ്പയില്‍ നിന്നും സന്നിധാനത്തേക്കും തിരികെയുമുള്ള യാത്ര. ആറ് വാഹനങ്ങളുടെ അകമ്പടി ഉണ്ടാകും. സ്വാമി അയ്യപ്പന് റോഡിലൂടെയാകും സന്നിധാനത്തേക്ക് വാഹനവ്യൂഹം കടന്നുപോകുന്നത്.