കൊച്ചി: നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എറണാകുളം അബാദ് പ്ലാസ ഹോട്ടലില്‍ ഇന്ന് രാവിലെ 11 മുതല്‍ ജനറല്‍ ബോഡി യോഗമാണ്. അതിനുശേഷം ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെയാണ് വോട്ടിംഗ്. വൈകിട്ടോടെ ഫലം പ്രഖ്യാപിക്കും. 313 വോട്ടര്‍മാരാണുള്ളത്.
പ്രധാനപ്പെട്ട എല്ലാ സ്ഥാനങ്ങളിലേക്കും വാശിയേറിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ബി.രാകേഷും സജി നന്ത്യാട്ടുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുക. നിലവിലുള്ള സെക്രട്ടറിയാണ് ബി രാകേഷ്. സാന്ദ്ര തോമസ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കും. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്കുള്ള ഇവരുടെ പത്രിക തള്ളിയിരുന്നു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സോഫിയ പോള്‍, സന്ദീപ് സേനന്, ആനന്ദ് പയ്യന്നൂര്‍ എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം. സെക്രട്ടറി സ്ഥാനത്തേക്ക് ലിസ്റ്റിന് സ്റ്റീഫന്‍, വിനയന്, കല്ലിയൂര്‍ ശശി എന്നിവര്‍ ആണ് സ്ഥാനാര്‍ഥികള്‍. ജോയിന്റ് സെക്രട്ടറിയാകാന്‍ എം. എം ഹംസ, ആല്വിന് ആന്റണി, വിശാഖ് സുബ്രമണ്യന്‍ എന്നിവരും മത്സരിക്കുന്നു. ട്രഷറര്‍ സ്ഥാനത്തിനായി മഹാ സുബൈര്‍, സജി നന്ത്യാട്ട് എന്നിവരും പത്രിക നല്‍കിയിട്ടുണ്ട്. 14 അംഗ എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് 26 പേരാണ് നാമനിര്‍ദേശ പത്രിക നല്‍കിയിരിക്കുന്നത്. ഇതില്‍ സാന്ദ്ര തോമസ്, ഷീല കുര്യന്, ഷെര്‍ഗ സന്ദീപ് എന്നീ മൂന്ന് സ്ത്രീകളുണ്ട്.
സാന്ദ്രയുടെ ഹര്‍ജി തള്ളി
വലിയ വിവാദങ്ങള്‍ക്കും നാടകീയ സംഭവങ്ങള്‍ക്കും ശേഷമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. സംഘടനയിലെ മുന്‍ ഭാരവാഹികള്‍ക്കെതിരെ ലൈംഗികാധിക്ഷേപ പരാതികള്‍ അടക്കം ഉന്നയിച്ച നിര്‍മാതാവ് സാന്ദ്ര തോമസ് മത്സരിക്കാന്‍ ഒരുങ്ങിയതോടെയാണ് തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള വിവാദങ്ങളുടെ തുടക്കം. മത്സരിക്കാന്‍ ആവശ്യമായ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാന്ദ്രയുടെ കൈയിലില്ലെന്ന് ചൂണ്ടിക്കാട്ടി സംഘടന സാന്ദ്രയുടെ നാമനിര്‍ദേശ പത്രിക തള്ളി. സൂക്ഷ്മ പരിശോധനയ്ക്കിടെ സാന്ദ്ര അത് ചോദ്യം ചെയ്തതോടെ രംഗം വലിയ ബഹളത്തിലും തര്‍ക്കത്തിലും കലാശിച്ചു.
സംഘടനയുടെ ഭരണഘടനാ പ്രകാരം സാന്ദ്രയ്ക്ക് പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാന്‍ കഴിയില്ലെന്നായിരുന്നു വരണാധികാരിയുടെ നിലപാട്. പത്രിക തള്ളിയതിനെ ചോദ്യം ചെയ്ത് സാന്ദ്രതോമസ് കോടതിയെ സമീപിക്കുകയായിരുന്നു. മൂന്ന് സിനിമകള്‍ സ്വന്തം പേരില്‍ നിര്‍മിച്ചവര്‍ക്കു മാത്രമേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ കഴിയുകയുള്ളൂ എന്നായിരുന്നു സംഘടനയുടെ നിയമാവലിയില്‍ പറയുന്നത്. താന്‍ ഫ്രൈഡേ ഫിലിംസില്‍ പങ്കാളിയായിരുന്നുവെന്നും അതിനാല്‍ തനിക്ക് മത്സരിക്കാന്‍ യോഗ്യതയുണ്ടെന്നായിരുന്നു സാന്ദ്രയുടെ വാദം.
എന്നാല്‍ നിയമപ്രകാരം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ അനുവദിക്കണമെന്ന സാന്ദ്രയുടെ അവകാശവാദം കോടതി തള്ളുകയായിരുന്നു. വരണാധികാരിയെ നിയമിച്ചത് ഭരണഘടനാ പ്രകാരമല്ലെന്ന സാന്ദ്രയുടെ വാദവും കോടതി തള്ളുകയായിരുന്നു. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ സാന്ദ്രയ്ക്ക് മത്സരിക്കാന്‍ കഴിയില്ലെന്ന് ഫ്രൈഡേ ഫിലിംസിന്റെ ഉടമയായ വിജയ് ബാബുവും വ്യക്തമാക്കിയിരുന്നു.
സാന്ദ്രയെ അനുകൂലിച്ച് രംഗത്തെത്തിയ നിര്‍മാതാവ് സജി നന്ത്യാട്ട് കഴിഞ്ഞ ദിവസം ഫിലിം ചേമ്പര്‍ ഭാരവാഹിത്വം രാജിവച്ചിരുന്നു.
അനില്‍ തോമസാണ് എല്ലാ പ്രശ്നങ്ങളുടേയും കേന്ദ്രബിന്ദുവെന്നായിരുന്നു സാന്ദ്രയുടേയും സജി നന്ത്യാട്ടിന്റേയും ആരോപണം. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നാരോപിച്ച് നിലവില്‍ സംഘടനാ ഭാരവാഹിയായ അനില്‍ തോമസും രംഗത്തെത്തിയിട്ടുണ്ട്.
സംഘടനയില്‍ വനിതാ നിര്‍മാതാക്കള്‍ക്ക് അവഗണനയെന്ന സാന്ദ്രയുടെ ആരോപണം നേരത്തെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. നിര്‍മാതാവും അസോസിയേഷന് ഭാരവാഹിയുമായ ലിസ്റ്റിന് സ്റ്റീഫനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി സാന്ദ്രാ തോമസ് രംഗത്തെത്തിയതും, പിന്നീട് നിര്‍മാതാക്കളായ ജി. സുരേഷ് കുമാര്‍, സിയാദ് കോക്കര്‍ തുടങ്ങിയവരെ വ്യക്തിപരമായി അധിക്ഷേപിച്ചതും സംഘടനയെ പ്രതിരോധത്തിലാക്കിയിരുന്നു.