ലക്നോ: വിദ്യാർഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയിൽ കോളജ് പ്രഫസറെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഹത്രാസിലെ സേത് ഫൂൽ ചന്ദ് ബഗ്ല പിജി കോളജിലെ ഭൂമിശാസ്ത്ര വിഭാഗം മേധാവി പ്രൊഫസർ രജനിഷിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തെന്ന് സർക്കിൾ ഓഫീസർ യോഗേന്ദ്ര കൃഷ്ണ നരേൻ.
പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് ഇയാൾക്കെതിരെ മാർച്ച് 13നാണ് അജ്ഞാത വ്യക്തിയിൽ നിന്നും പോലീസിന് പരാതി ലഭിച്ചത്.
വിഷയത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പരാതിക്കാരനെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു. പ്രഫസർ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറുന്നതിന്റെ ചിത്രങ്ങളും പരാതി നൽകിയ വ്യക്തി പോലീസിന് കൈമാറിയിട്ടുണ്ട്.
പോലീസ് കേസെടുത്തതിന് പിന്നാലെ സേത് ഫൂൽ ചന്ദ് ബഗ്ല പിജി കോളജ് സെക്രട്ടറി പ്രദീപ് കുമാർ ബഗ്ല, പ്രഫസറെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ 18 മാസമായി താൻ ഇത്തരം ആരോപണങ്ങൾ നേരിടുന്നുണ്ടെന്നും നിരവധി അന്വേഷണങ്ങളും നടന്നിട്ടുണ്ടെന്നും ആരോപണവിധേയനായ പ്രഫസർ പറഞ്ഞു.