ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽനിന്ന് എട്ട് ചീറ്റകളെ ഇന്ത്യ ഇറക്കുമതി ചെയ്യും. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ബോട്സ്വാന സന്ദർശനവേളയിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് മുർമു ബോട്സ്വാനയിലെത്തിയത്. ബോട്സ്വാന സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതിയാണ് ദ്രൗപദി മുർമു.
ചീറ്റകളെ ഇന്ത്യ നന്നായി പരിപാലിക്കുമെന്നും പ്രസിഡന്റ് ഡുമ ഗിഡിയോൺ ബോകോയ്ക്ക് നന്ദി അർപ്പിക്കവേ രാഷ്ട്രപതി പറഞ്ഞു. മൊകൊളോഡി സംരക്ഷിത വനത്തിലെ ക്വാറന്റൈൻ സംവിധാനത്തിലേക്ക് എട്ടു ചീറ്റകളെ ഇറക്കിവിട്ട് പ്രതീകാത്മകമായി ഇവയെ കൈമാറ്റം ചെയ്യുന്ന ചടങ്ങിൽ രണ്ട് രാഷ്ട്രമേധാവികളും പങ്കെടുക്കും.
പ്രോജക്ട് ചീറ്റയുടെ ഭാഗമായാണ് ഇവയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. 2022ൽ നമീബിയയിൽ നിന്നും ഇറക്കുമതി ചെയ്ത എട്ട് ചീറ്റകളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറക്കിവിട്ടിരുന്നു. 2023ൽ പന്ത്രണ്ട് എണ്ണത്തെക്കൂടി ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യ കൊണ്ടുവരികയുണ്ടായി.

