വാഷിംഗ്ടണ്‍ ഡിസി: യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്നെ വീഴ്ത്തി കോപ്പ ലിബര്‍ട്ടഡോറസ് ചാമ്പ്യന്മാരായ ബ്രസീല്‍ സംഘം ബോട്ടഫോഗോ. നിലവിലെ ലാറ്റിനമേരിക്കന്‍ ക്ലബ് ചാമ്പ്യന്മാരും ബ്രസീല്‍ സീരി എ ജേതാക്കളുമായ ബോട്ടഫോഗോ 1-0നാണ് ചാമ്പ്യന്‍സ് ലീഗ്, ഫ്രഞ്ച് ലീഗ് വണ്‍ കിരീടാവകാശികളായ പിഎസ്ജിയെ കീഴടക്കിയത്.
ഫിഫ ക്ലബ് ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തിന്റെ 36-ാം മിനിറ്റില്‍ ഇഗോര്‍ ജീസസിന്റെ വകയായിരുന്നു ബോട്ടഫോഗോയുടെ ജയം കുറിച്ച ഗോള്‍. മേയ് മൂന്നിനുശേഷം പിഎസ്ജിയുടെ ആദ്യ തോല്‍വിയാണിത്. തുടര്‍ച്ചയായ 19 മത്സരങ്ങള്‍ക്കുശേഷമാണ് പിഎസ്ജിക്കു ഗോള്‍ നേടാന്‍ സാധിക്കാതെ വന്നതെന്നതും ശ്രദ്ധേയം. ഒരു യൂറോപ്യന്‍ ക്ലബ്ബിനെ ഒരു ടൂര്‍ണമെന്റില്‍ കീഴടക്കുന്ന ആദ്യ ലാറ്റിനമേരിക്കന്‍ ക്ലബ്ബാണ് ബോട്ടഫോഗോ.
അത്ലറ്റിക്കോ ജയം
ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തില്‍ സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡ് 3-1ന് അമേരിക്കന്‍ ടീമായ സിയാറ്റില്‍ സൗണ്ടേഴ്സിനെ കീഴടക്കി. അത്ലറ്റിക്കോയ്ക്കുവേണ്ടി പാബ്ലോ ബാരിയോസ് (11’, 55’) ഇരട്ടഗോള്‍ സ്വന്തമാക്കി. അക്സല്‍ വിറ്റ്സെല്ലിന്റെ (47’) വകയായിരുന്നു മറ്റൊരു ഗോള്‍. രണ്ടു റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആറു പോയിന്റുമായി ബോട്ടഫോഗോയാണ് ഒന്നാം സ്ഥാനത്ത്. പിഎസ്ജി, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ടീമുകള്‍ മൂന്നു പോയിന്റുമായി പിന്നാലെയുണ്ട്.