കൊച്ചി: സംസ്ഥാനത്ത് കൗമാരക്കാര്‍ ഉള്‍പ്പെട്ട ലഹരിക്കേസുകള്‍ വര്‍ധിച്ചതോടെ വിദ്യാര്‍ഥികള്‍ പൊതുപരീക്ഷ എഴുതണമെങ്കില്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് അധ്യാപകര്‍. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ എഴുതണമെങ്കില്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന രക്തപരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നാണ് അധ്യാപകര്‍ പറയുന്നത്.
വര്‍ഷത്തില്‍ ഒരിക്കല്‍ എല്ലാ സ്കൂളുകളിലും ദന്തപരിശോധനയും നടത്തണം. പരിശോധനയിലൂടെ ലഹരി ഉപയോഗിക്കുന്ന വിദ്യാര്‍ഥികളെ നേരത്തെ തിരിച്ചറിയാനും വിദഗ്ധ ചികിത്സ നല്‍കാനും കഴിയുമെന്നാണ് അധ്യാപകരുടെ പക്ഷം. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കാനുള്ള ഒരുക്കത്തിലാണ് ഒരു വിഭാഗം അധ്യാപകര്‍.
ലഹരി ഉപയോഗിക്കുന്ന വിദ്യാര്‍ഥികളെ അറിയാമെങ്കിലും ഇത് തെളിയിക്കാന്‍ പലപ്പോഴും അധ്യാപകര്‍ക്ക് കഴിയാറില്ല. രക്ഷിതാക്കളെ വിവരം അറിയിച്ചാല്‍ പലരും തങ്ങളുടെ മക്കള്‍ അത്തരത്തില്‍ ചെയ്യില്ലെന്ന് ന്യായീകരിക്കും. അടുത്തിടെ തിരുവനന്തപുരത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ ദന്ത പരിശോധനയില്‍ 16 ഓളം പേര് ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.
മക്കള്‍ ദിവസങ്ങളോളം സ്കൂളില്‍ എത്താതിരുന്നാല്‍ വീട്ടുകാരെ വിളിച്ചറിയിക്കുന്ന അധ്യാപകരോട് തങ്ങളുടെ അറിവോടെയാണ് അവധിയെടുത്തതെന്ന് പറയുന്ന രക്ഷിതാക്കളാണ് ഏറെയുമെന്ന് അധ്യാപകര്‍ പറയുന്നു. സംസ്ഥാനത്ത് ലഹരിക്കേസുകളില്‍ ഒന്നാം സ്ഥാനം എറണാകുളം ജില്ലയ്ക്കാണ്. കൗമാരക്കാര്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗക്കേസുകളില് 82 ശതമാനവും കഞ്ചാവുമായി ബന്ധപ്പെട്ടതാണ്. ഇവരില്‍ 75.66 ശതമാനം പേര് സിഗരറ്റ് വലിച്ചിരുന്നവരാണ്. പിന്നീട് മാനസികസമ്മര്‍ദ്ദം നേരിട്ടപ്പോഴാണ് ഇവരില്‍ 35.16 ശതമാനം പേര് മയക്കുമരുന്നിലേക്ക് തിരിഞ്ഞതെന്നാണ് വിലയിരുത്തല്‍.
ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായി മാര്‍ച്ച് 15ന് സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്പനയില് ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2,841 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 273 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 284 പേരാണ് അറസ്റ്റിലായത്.
മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങളില്‍നിന്ന് സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്ട്രോള് റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
സീമ മോഹന്‍ലാല്‍