കൊല്ലം/തിരുവനന്തപുരം: പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഏഴുവയസുകാരി മരിച്ചു. പത്തനാപുരം കുന്നിക്കോട് ജാസ്മിൻ മൻസിലിൽ നിയാ ഫൈസലാണ് മരിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിവരികയായിരുന്നു. ഇന്നു പുലർച്ചെ മൂന്നിനായിരുന്നു മരണം. വാക്സിൻ എടുത്തിട്ടും ഒരുമാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിക്കുന്ന കുട്ടികളുടെ എണ്ണം ഇതോടെ മൂന്നായി.
കഴിഞ്ഞ ഏപ്രിൽ എട്ടിനാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നിയാ ഫൈസലിന് തെരുവുനായയുടെ കടിയേറ്റത്. മുറ്റത്ത് നിന്നിരുന്ന താറാവിനെ ലക്ഷ്യമിട്ട് വന്നതായിരുന്നു തെരുവുനായ. താറാവിനെ രക്ഷിക്കാൻ കുട്ടി അടുത്തേക്ക് ഓടിയെത്തിയതോടെ കൈമുട്ടിന് കടിയേൽക്കുകയായിരുന്നു. ഉടൻതന്നെ വീടിനു സമീപത്തെ വിളക്കുടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നു.
തുടർന്ന് ഏപ്രിൽ 11, 15 തീയതികളിലായി രണ്ടും മൂന്നും ഡോസ് കുത്തിവയ്പും എടുത്തു. അവസാന ഡോസ് മേയ് ആറിന് എടുക്കാനിരിക്കെയാണ് കുട്ടിക്കു പനി ബാധിച്ചത്. കടിയേറ്റ കൈമുട്ടിന്റെ ഭാഗത്ത് വേദനയും അനുഭവപ്പെട്ടു. തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധചികിത്സയ്ക്കായി തിരുവനന്തപുരം എസ്എടിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മേയ് ഒന്നിന് രാത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. ആ ദിവസം മുതൽ കുട്ടി വെന്റിലേറ്ററിൽ കഴിഞ്ഞു വരികയായിരുന്നു. നൽകുന്ന മരുന്നിനോട് പ്രതികരണവും ഉണ്ടായില്ല. കുട്ടിക്ക് നായയുടെ ആഴത്തിലുള്ള പതിനഞ്ചോളം കടിയേറ്റിരുന്നുവെന്നും ഗുരുതരമായ മുറിവും ഞരന്പിലേറ്റ കടിയുമാണ് കുട്ടിക്ക് വാക്സിൻ ഫലപ്രദമാകാതെ വന്നതിനുള്ള കാരണമെന്നും എസ്എടി ആശുപത്രി അധികൃതർ അറിയിച്ചു. വിശദമായ അന്വേഷണം നടത്തേണ്ടതുള്ളതിനാൽ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മൂന്നു ഡോസ് വാക്സിൻ എടുത്തിട്ടും പേവിഷബാധയേറ്റ് മരണങ്ങൾ സംഭവിക്കുന്നതിൽ ആരോഗ്യവകുപ്പിനെതിരേ വിമർശനം ശക്തമായിട്ടുണ്ട്. ഏപ്രിൽ ഒമ്പതിന് പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യലക്ഷ്മി (13) പേ വിഷബാധയേറ്റ് മരിച്ചിരുന്നു. വാക്സിൻ എടുത്തിട്ടും പേവിഷബാധ ഉണ്ടാകുകയായിരുന്നു. ഏപ്രിൽ 29ന് മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സിയ ഫാരിസും (ആറ്) സമാനമായ രീതിയിൽ പേവിഷ ബാധയേറ്റ് മരിച്ചു.
ഡിസംബറിൽ നായയുടെ കടിയേറ്റ് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ നിന്ന് കുത്തിവയ്പ്പെടുത്ത ഭാഗ്യലക്ഷ്മിയുടെ മരണം മൂന്നുമാസത്തിനുശേഷമായിരുന്നു. കുട്ടി അവസാനം ചികിത്സയിൽ കഴിഞ്ഞ സ്വകാര്യ ആശുപത്രിയിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധിച്ചപ്പോഴാണ് പേവിഷബാധ സ്ഥിരീകരിക്കുന്നത്.
ഈ വർഷം സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത് 13 പേരെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതിൽ ആറുമരണങ്ങളും ഏപ്രിലിലാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 102 പേർക്കാണ് പേവിഷബാധമൂലം ജീവൻ നഷ്ടമായത്. അതേസമയം, വാക്സിൻ സുരക്ഷിതമെന്നാണ് ആരോഗ്യവകുപ്പ് ആവർത്തിച്ച് പറയുന്നത്. മരിച്ചു