വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കി കുട്ടികള്‍ക്കായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഇന്റര്‍നെറ്റ് റേഡിയോ ‘റേഡിയോ നെല്ലിക്ക’ ഒരുങ്ങുന്നു. കുട്ടികളിലെ മാനസിക സംഘര്‍ഷങ്ങള്‍, ലഹരിയുപയോഗം, സൈബര്‍ ഇടങ്ങളിലെ ചതിക്കുഴികള്‍, ആത്മഹത്യ, സോഷ്യല്‍ മീഡിയ അഡിക്ഷന് എന്നിവ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ബാലസൗഹൃദം യാഥാര്‍ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റേഡിയോ നെല്ലിക്കയുടെ ഉദ്ഘാടനം 18ന് മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തിന്റെ ചേംബറില്‍ നിര്‍വഹിക്കും.
ലോകത്ത് എവിടെനിന്നും 24 മണിക്കൂറും പരിപാടികള്‍ കേള്‍ക്കാനാകും. തുടക്കത്തില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ നാലു മണിക്കൂറാണ് പ്രോഗ്രാം. ശനിയും ഞായറും പ്രോഗ്രാം ആവര്‍ത്തിക്കും. പരിപാടികള്‍ക്കിടയില്‍ പരസ്യങ്ങളുമില്ല. കുട്ടികളുടെ അവകാശനിയമങ്ങളെക്കുറിച്ചുള്ള റൈറ്റ് ടേണ്‍ എന്ന പരിപാടി രാവിലെ ഏഴു മുതല്‍ എട്ടുവരെയാണ്. ഈ പരിപാടി വൈകിട്ട് നാലു മുതല്‍ അഞ്ചു വരെ വീണ്ടും കേൾക്കാം. രാവിലെ എട്ടു മുതല്‍ ഒമ്പതുവരെയുള്ള ‘ഇമ്മിണി ബല്യ കാര്യം’ എന്ന ഫോണ്‍ ഇന്‍ പരിപാടിയില്‍ കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഒരുമിച്ചു ചേര്‍ത്ത് യഥാര്‍ഥ ജീവിതകഥകള്‍, ചിന്തിപ്പിക്കുന്ന സംഭാഷണങ്ങള്‍, പരസ്പര സംവാദങ്ങള്‍ എന്നിവ നടത്തും. വൈകിട്ട് അഞ്ചു മുതല്‍ ആറു വരെ ഇത് വീണ്ടും കേൾക്കാം.
ഉച്ചയ്ക്ക് 12 മുതല്‍ ഒന്നു വരെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സംശയങ്ങള്‍, പരിഭവങ്ങള്‍, പ്രയാസങ്ങള്‍, സന്തോഷങ്ങള്‍, അനുഭവങ്ങള്‍, കഥകള്‍ എന്നിവ കത്തുകളിലൂടെ പങ്കുവയ്ക്കുന്ന ആകാശദൂത് എന്ന പരിപാടി. ഇത് രാത്രി എട്ടു മുതല്‍ ഒമ്പതു വരെ വീണ്ടും കേൾക്കാം. ഉച്ചയ്ക്ക് ഒന്നു മുതല്‍ രണ്ടു വരെയുള്ള റേഡിയോ ചാറ്റ് പ്രോഗ്രാമായ അങ്കിള്‍ ബോസില്‍ കുട്ടികള്‍ക്ക് അങ്കിള്‍ ബോസിനോട് ചോദ്യങ്ങള്‍ ചോദിക്കാം. പരിപാടി രാത്രി ഒന്‍പതു മുതല്‍ 10 വരെ വീണ്ടും കേള്‍ക്കാനുമാകും.
ആൻഡ്രോയ്ഡ് ഫോണില്‍ പ്ലേ സ്റ്റോറില്‍നിന്നും ഐഒഎസില്‍ ആപ് സ്റ്റോറില്‍നിന്നും റേഡിയോ നെല്ലിക്ക ഡൗണ്‍ലോഡ് ചെയ്യാം. കംപ്യൂട്ടറില്‍ radio nellikka.comലൂടെയും കാറില്‍ ഓക്സ് കേബിള്‍, ബ്ലൂടൂത്ത് എന്നിവയിലൂടെയും റേഡിയോ കേള്‍ക്കാം. പരിപാടിയിലേക്ക് കുട്ടിക്കാല ഓര്‍മകള്‍, അനുഭവങ്ങള്‍, സ്കൂള്‍ ജീവിതം, സന്തോഷങ്ങള്‍, പ്രയാസങ്ങള്‍ തുടങ്ങിയവ ആകാശദൂത് പരിപാടിയിലേക്ക് radionelli kka@g mail.c om എന്ന ഇ-മെയിലിലേക്കും വാട്ട്സ്ആപ്പിലൂടെയും അറിയിക്കാം. ഇമ്മിണി ബല്യ കാര്യം, അങ്കിള്‍ ബോസ് എന്നീ പരിപാടികളിലേക്ക് +919993338602 എന്ന മൊബൈലിലും വിളിക്കാം.
സീമ മോഹന്‍ലാല്‍