രാജാക്കാട്: രാജാക്കാട് – മാങ്ങാത്തൊട്ടി റോഡില്‍ അപകടഭീഷണി ഉയര്‍ത്തി നില്ക്കുന്ന മരക്കുറ്റി പിഴുതുമാറ്റണണെന്ന ആവശ്യം ശക്തമാകുന്നു. വളവില്‍ കാഴ്ച മറച്ചുനില്ക്കുന്നതിനാല് പ്രദേശത്ത് അപകടങ്ങള്‍ പതിവായതോടെയാണ് മരക്കുറ്റി പിഴുതുമാറ്റണമെന്ന ആവശ്യം ഉയരുന്നത്.
രാജാക്കാട് – മാങ്ങാത്തൊട്ടി റൂട്ടില്‍ വാക്കാസിറ്റി കൽക്കുടിയൻകാനം തമ്പുഴ വളവിലാണ് അപകടഭീഷണിയെത്തുടര്‍ന്ന് മുറിച്ചുമാറ്റിയ കൂറ്റന്‍ മരത്തിന്റെ കുറ്റി നിൽക്കുന്നത്.
കുറ്റി നില്ക്കുന്നതിനാല് ഈ ഭാഗത്ത് റോഡിനു വീതിക്കുറവും വളവുമാണ്. അതിനാല്‍ എതിരേ വരുന്ന വാഹനങ്ങള്‍ തൊട്ടടുത്തെത്തിയാല്‍ മാത്രമാണ് കാണാന്‍ കഴിയുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്.
ഏതാനം ദിവസം മുമ്പ് ഓമ്നി വാനും ബൈക്കും കൂട്ടിയിടിച്ച് ചെമ്മണ്ണാര്‍ സ്വദേശികളായ യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു. പന്ത്രണ്ടോളം അപകടങ്ങൾ ഇവിടെ ഉണ്ടായി ഒരാൾ മരിക്കുകയും ചെയ്തു.
എന്നാല്‍, അപകടങ്ങള്‍ പതിവായിട്ടും മരക്കുറ്റി പിഴുതുമാറ്റുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. വെട്ടിയിട്ട മരത്തടിയും റോഡരികിൽ കിടക്കുകയാണ്.