മാരി സെൽവരാജിന്റെ ‘ബൈസൺ’ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി രജിഷ വിജയൻ. നീന്തൽ രംഗത്തിൽ മുങ്ങിത്താഴാൻ തുടങ്ങിയ തന്നെ, സംവിധായകൻ മാരി സെൽവരാജ് വെള്ളത്തിൽച്ചാടി രക്ഷിക്കുകയായിരുന്നുവെന്നാണു താരത്തിന്റെ വെളിപ്പെടുത്തൽ.
ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ബൈസൺ 17 ന് തിയറ്ററുകളിൽ എത്തുകയാണ്. അനുപമ പരമേശ്വരൻ നായികയായി എത്തുന്ന ചിത്രത്തിൽ മലയാളത്തിൽനിന്നു രജിഷ വിജയൻ, ലാൽ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെ കുറിച്ച സംസാരിക്കുകയാണ് രജിഷ വിജയൻ.
വെള്ളത്തിലേക്ക് എടുത്തുചാടേണ്ട സീനിൽ, മുന്‍പ് നീന്തൽ പഠിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിൽ എടുത്ത് ചാടിയെന്നും എന്നാൽ ആഴത്തിലേക്ക് മുങ്ങിത്താഴാൻ തടുങ്ങിയ തന്നെ രക്ഷിച്ചത് മാരി സെൽവരാജും മറ്റുള്ളവരും ചേർന്നാണെന്ന് രജിഷ പറയുന്നു.
“കർണൻ എന്ന സിനിമയ്ക്കുവേണ്ടി ഞാൻ നീന്തൽ പഠിച്ചിരുന്നു. ബൈസൺ ചിത്രീകരണത്തിനിടെ, പെട്ടെന്ന് വെള്ളത്തിലേക്ക് എടുത്തുചാടേണ്ട സീനുണ്ടെന്ന് മാരി സാര്‍ പറഞ്ഞു. കര്ണന് കഴിഞ്ഞ് ഏകദേശം നാലുവര്‍ഷത്തോളമായി. നീന്തല്‍ ഞാന്‍ ഏറെക്കുറെ മറന്നുപോയിരുന്നു. എങ്കിലും ആ സീനില്‍ അഭിനയിക്കാന്‍ ഞാന്‍ ആവേശത്തിലായിരുന്നു. അത് ചെയ്യാന്‍ കഴിയുമെന്ന് ആത്മവിശ്വാസത്തോടെ അദ്ദേഹത്തോടു പറഞ്ഞു. പിന്നെ ഞാന്‍ കാണുന്നത് നനഞ്ഞുനില്ക്കുന്ന മാരി സാറിനേയാണ്.
ആദ്യം അനുപമ പരമേശ്വരന് ചാടി. പിന്നാലെ ഞാനും. പക്ഷെ, ഞാന്‍ ആഴത്തിലേക്ക് മുങ്ങിത്താഴാന്‍ തുടങ്ങി. ഒരുനിമിഷം എന്റെ ജീവന് നഷ്ടപ്പെടുമെന്ന് ശരിക്കും കരുതി. ഭാഗ്യവശാല്‍, സംഘത്തിലുള്ളവര്‍ ചേര്‍ന്ന് എന്നെ രക്ഷപ്പെടുത്തി.
ശ്വാസം നേരെയായി ചുറ്റും നോക്കിയപ്പോള്‍, ഞാന്‍ കാണുന്നത് നനഞ്ഞുനില്ക്കുന്ന മാരി സാറിനേയാണ്. ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും ഷൂസും സണ്ഗ്ലാസുമടക്കം അദ്ദേഹം വെള്ളത്തിലേക്ക് ചാടിയിരുന്നു. സെറ്റില്‍ അഞ്ച് ലൈഫ്ഗാര്‍ഡുകള്‍ ഉണ്ടായിരുന്നിട്ടും ആദ്യം വെള്ളത്തിലേക്ക് എടുത്തുചാടിയത് അദ്ദേഹമാണ്.
ആ നിമിഷം സംവിധായകന് എന്നതിലുപരി, ഒരുവ്യക്തി എന്ന നിലയിലും അദ്ദേഹത്തോടുള്ള എന്റെ ബഹുമാനം വർധിച്ചു- സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു രജിഷ വിജയന്റെ വെളിപ്പെടുത്തൽ.