മൂവാറ്റുപുഴ: റംബുട്ടാന് വില കുത്തനേ ഇടിഞ്ഞതോടെ പ്രതിസന്ധിയിലായി കർഷകരും കച്ചവടക്കാരും. കിലോഗ്രാമിനു വിപണിയില്‍ 250 രൂപയുണ്ടായിരുന്ന റംബുട്ടാന് വില ഉത്പാദനം വര്‍ധിച്ചതോടെ 150 രൂപയിലേക്ക് കൂപ്പുകുത്തി.
വിലയിടിവ് തടയാന്‍ കൃഷിവകുപ്പ് ഇടപെടണമെന്നും ഹോര്‍ട്ടി കോര്‍പ് വഴി റംബുട്ടാന് സംഭരിച്ച് ഔട്ട്ലെറ്റുകള് വഴി വിതരണം ചെയ്യണമെന്നുമാണ് കർഷകർ ആവശ്യപ്പെടുന്നത്. റബര്‍ കൃഷി ലാഭകരമല്ലാതായതോടെ ഒട്ടുമിക്ക കര്‍ഷകരും ഇതുപേക്ഷിച്ച് പകരം പൈനാപ്പിള്‍, റംബുട്ടാന്, മാംഗോസ്റ്റിൻ എന്നിവയിലേക്കു തിരിഞ്ഞിരുന്നു.
കച്ചവടക്കാര്‍ മുന്‍കൂട്ടി കര്‍ഷകരോടു റംബുട്ടാന് വില നിശ്ചയിച്ച് ധാരണയിലെത്തുകയും സീസണില്‍ വലയിട്ട് സംരക്ഷിച്ചു പഴമാകുമ്പോള്‍ വിളവെടുക്കുന്നതുമാണ് രീതി. എന്നാല്‍ വില കുത്തനേ താഴ്ന്നതോടെ കച്ചവടക്കാരും കര്‍ഷകരും വന്‍ പ്രതിസന്ധിയിലായി. തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മഴ ശക്തിപ്പെട്ടതോടെ റംബുട്ടാന് കയറ്റിയയയ്ക്കുന്ന നടപടികള്‍ നിലച്ചു.
വിളവെടുത്ത് കഴിഞ്ഞാല്‍ 36 മണിക്കൂറിനകം പഴം വില്പന നടത്തി ഉപയോഗിച്ചില്ലെങ്കില്‍ റംബുട്ടാന് തൊണ്ടില്‍ കറുപ്പ് നിറം പിടിച്ച് പള്‍പ്പ് ചീത്തയാകും. കേരളത്തിലാകട്ടെ മഴ തുടരുന്നത് കച്ചവടം കുറയുന്നതിന് ഇടവരുത്തി.
ഓഗസ്റ്റ് ആദ്യവാരത്തോടെ മിക്കവാറും തോട്ടങ്ങളില്‍ പഴം വിളവെടുക്കുന്ന സമയമായതിനാല്‍ എന്തു ചെയ്യണമെന്നറിയാതെ കര്‍ഷകര്‍ വിഷമിക്കുകയാണ്. ശരാശരി ഒരു വര്‍ഷം 250 കോടിയുടെ റംബുട്ടാന് കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്നുണ്ട്.