കുട്ടിക്കാലം മുതല്‍ തന്നെ സിനിമയില്‍ അഭിനയിക്കാന്‍ അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ലോകപ്രശസ്ത നർത്തകിയും സിനിമ നടിയും ആകണമെന്നുമായിരുന്നു കുഞ്ഞുന്നാളിലെ പറയാറുണ്ടായിരുന്നതെന്ന് റാണിയ റാണ. തമിഴില്‍ അടക്കം നേരത്തേയും ചില അവസരങ്ങളൊക്കെ വന്നിരുന്നെങ്കിലും അത് മുടങ്ങിപ്പോയി. ഒരിക്കല്‍ പ്രശസ്ത തമിഴ് നടന്റെ ചിത്രത്തില്‍ ഒരു വേഷം ലഭിച്ചു. എന്നാല്‍ എഗ്രിമെന്റ് സൈൻ ചെയ്യുന്ന സമയമായപ്പോഴേക്കും അതു മുടങ്ങുകയാണുണ്ടായത്.
എല്ലാത്തിനും ഒടുവില്‍ ആഗ്രഹം പോലെ കിട്ടിയ വേഷമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലിയിലേത്. ഇത്തരമൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിലുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാലയും അസിസ്റ്റന്റ് ഡയറക്ടർ മനുവും കൂടിയാണ് എന്നെ ബന്ധപ്പെട്ടത്. രണ്ടാമത്തെ ഓഡിഷന് സംവിധായകന്റെയും എഴുത്തുകാരന്റെയും മുമ്പിലായിരുന്നു. അവരെല്ലാം ഓക്കെ പറഞ്ഞതിനുശേഷം ദിലീപേട്ടനിലേക്ക് എത്തി. അങ്ങനെ ആ വേഷത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്ന് റാണിയ റാണ പറഞ്ഞു.