തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ പ്രശ്നപരിഹാരത്തിന് അനുനയ നീക്കവുമായി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്. ബിന്ദു, വൈസ് ചാന്‍സലറുമായി ചര്‍ച്ച നടത്തി. ടെലഫോണിലൂടെയാണ് ഇരുവരും സംസാരിച്ചത്. റജിസ്ട്രാര്‍ അനില്‍കുമാറിന്റെ സസ്പെന്ഷന് അംഗീകരിക്കണമെന്നും അല്ലാതെയുള്ള വിട്ടുവീഴ്ചയ്ക്കു തയാറല്ലെ ന്നുമുള്ള നിലപാടാണ് വിസി ഡോ. മോഹനന് കുന്നുമ്മേല്‍ ആവര്‍ത്തിച്ചത്.
തന്റെ സസ്പെന്ഷന് സിന്‍ഡിക്കേറ്റ് പിന്‍വലിച്ചെന്ന നിലപാടാണ് അനില്‍കുമാര്‍ സ്വീകരിച്ചിരിക്കുന്നത്. സര്‍വകലാശാലയിലെ ഫയലുകള്‍ ഇപ്പോഴും അനില്‍കുമാര്‍ പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഈ ഫയലുകള്‍ നോക്കാന്‍ വിസി ഇതുവരെയും തയാറായിട്ടില്ല. അനില്‍കുമാറിന് ഫയലുകള്‍ നല്‍കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിസി ഉത്തരവിട്ടുണ്ട്. ഉത്തരവ് മറികടന്ന് ഫയല്‍ നല്കിയാല് ചട്ടലംഘനമാകുമെന്നു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
അതേസമയം വിസി നിയമിച്ച പുതിയ റജിസ്ട്രാറുടെ ചുമതലയുള്ള മിനി കാപ്പന് നല്കുന്ന ഫയലുകളിലാണ് വിസി അംഗീകാരം നല്‍കുന്നത്. യൂണിവേഴ്സിറ്റി ഫണ്ടിനായി പത്ത് ലക്ഷം രൂപ അനുവദിക്കണമെന്ന ഫയലില്‍ വിസി അംഗീകാരം നല്കി.കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന സ്വകാര്യ പരിപാടിയില്‍ ഭാരതാംബ ചിത്രം വച്ചതിനെ ചൊല്ലിയുള്ള സംഭവ വികാസങ്ങളാണ് റജിസ്ട്രാര്ക്കെതിരേ വിസി നടപടിയെടുക്കാന്‍ കാരണമായത്.
രജിസ്ട്രാറെ അനുകുലിച്ച് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളും വിസിയെ പിന്തുണച്ച് ഗവര്‍ണറും രംഗത്തുവന്നതോടെയാണു സര്‍വകലാശാല ആസ്ഥാനം സംഘര്‍ഷഭരിതമായത്.വിസിക്കെതിരേ എസ്എഫ്ഐയും ഇടത് സിന്‍ഡിക്കേറ്റും ഡിവൈഎഫ്ഐയും പ്രതിഷേധവുമായി രംഗത്തു വന്നതോടെ വിസി സര്‍വകലാശാല ആസ്ഥാനത്ത് എത്താതെ മാറി നിന്നു.
ഇതു ഭരണ പ്രതിസന്ധിക്ക് ഇടയാക്കിയിരുന്നു. ഒടുവില്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമാണ് വി.സി. മോഹനന് കുന്നുമ്മേല്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി ഫയല്‍ പരിശോധന നടത്തി ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പിട്ടത്.